വിമാനത്താവളത്തില്‍ കൊവിഡ് പോസിറ്റീവ്, പുറത്ത് നെഗറ്റീവ്; കൊവിഡ് പരിശോധയില്‍ വ്യാപക തട്ടിപ്പെന്ന് പരാതി

Update: 2022-02-05 08:16 GMT

മലപ്പുറം: വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധയുടെ പേരില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി. സാമ്പത്തിക ലാഭം ലക്ഷ്യംവച്ച് പരിശോധന ഫലങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനകത്തെ സ്വകാര്യ ലാബ് അധികൃതര്‍ കൃത്രിമം നടത്തുന്നുവെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്. പരിശോധയിലെ പാളിച്ചകള്‍ നേരിട്ടന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ഡിഎംഒയെ ചുമതലപ്പെടുത്തിയെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു.

48 മണിക്കൂറിനകമെടുത്ത ആര്‍ ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലേ, വിദേശത്തേക്ക് പറക്കാനാകൂ. ഇത്തരത്തില്‍ പരിശോധന നടത്താന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സജ്ജീകരിച്ച ലാബിനെതിരെയാണ് യാത്രക്കാരുടെ പരാതി. കഴിഞ്ഞ ദിവസം ദുബായിലേക്ക് യാത്രപുറപ്പെട്ട കോഴിക്കോട് സ്വദേശി ലതീഷിനാണ് അവസാനമായി ദുരനുഭവമുണ്ടായത്. യാത്രക്ക് മുന്നോടിയായി വിമാനത്താവളത്തിന് പുറത്ത് നിന്നെടുത്ത പരിശോധന ഫലം നെഗറ്റിവ്. എന്നാല്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് യാത്ര തടസ്സപ്പെട്ടു. ഫലത്തില്‍ സംശയം തോന്നി പുറത്തുവന്ന് പരിശോധിച്ചപ്പോള്‍ ഫലം വീണ്ടും നെഗറ്റീവ്. ഇതിന് പിന്നാലെ യാത്രക്കാരന്‍ ആരോഗ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

സമാനരീതിയില്‍, കഴിഞ്ഞയാഴ്ച നിരവധി പേര്‍ക്ക് യാത്ര മുടങ്ങിയെന്നാണ് വിവരം. മറ്റൊരിടത്ത് പരിശോധ നടത്തുമ്പോള്‍ ഇവരെല്ലാം നെഗറ്റീവ്. ജില്ലാ ഭരണകൂടം ടെണ്ടര്‍ വഴി നിയമിച്ച സ്വകാര്യ ലാബുകളാണ് വിമാനത്താവളങ്ങളില്‍ പരിശോധന നടത്തുന്നത്. പരാതി വ്യാപകമായതോടെയാണ്, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയത്. മലപ്പുറം അഡീഷണല്‍ ഡിഎംഒ , കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിലെ ക്രമക്കേടുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. അതേസമയം പരിശോധനയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ലാബ് അധികൃതരുടെ പ്രതികരണം.

Tags:    

Similar News