കൊവിഡ് മരണങ്ങളിലെ നഷ്ടപരിഹാരം: കേരളത്തിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പരിതാപകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് സുപ്രിംകോടതി കുറ്റപ്പെടുത്തി.

Update: 2021-12-17 12:22 GMT

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ കേരള സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി.നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പരിതാപകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് സുപ്രിംകോടതി കുറ്റപ്പെടുത്തി. ഒരാഴ്ചക്കകം നഷ്ടപരിഹാരത്തിനായി ബന്ധുക്കള്‍ നല്‍കിയ അപേക്ഷകളിന്മേല്‍ തീര്‍പ്പുകല്‍പ്പിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യാനും സുപ്രിംകോടതി നിര്‍ദേശം നല്‍കി. നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും സംസ്ഥാനത്തോട് സുപ്രിംകോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായുള്ള ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യത്ത് കൊവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഇതുവരെ 40,000ലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

എന്നാല്‍ 548 പേര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കിയത്. ഇതാണ് സുപ്രിംകോടതിയുടെ വിമര്‍ശനത്തിന് കാരണം. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളത്തിന്റെ അവസ്ഥ പരിതാപകരമാണെന്ന് സുപ്രിംകോടതി വിമര്‍ശിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ 10,777 ബന്ധുക്കളാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയത്. ഇതില്‍ 1948 പേരുടെ അപേക്ഷകളിന്മേല്‍ മാത്രമാണ് തീര്‍പ്പുകല്‍പ്പിച്ചത്. എന്നാല്‍ 548 പേര്‍ക്ക് മാത്രമാണ് 50,000 രൂപയുടെ നഷ്ടപരിഹാരം നല്‍കിയത്. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്ന സംസ്ഥാന സര്‍ക്കാരിന്റെ മറുപടിയില്‍ സുപ്രിംകോടതി അതൃപ്തി രേഖപ്പെടുത്തി. ഒരാഴ്ചക്കകം അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വീഴ്ച സംഭവിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.


Tags:    

Similar News