മലപ്പുറം ജില്ലക്കെതിരായ വര്‍ഗീയ പ്രചാരണം: മനേകാ ഗാന്ധിക്കെതിരേ എസ്ഡിപിഐ പരാതി നല്‍കി

മലപ്പുറം അക്രമങ്ങളുടെ കേന്ദ്രമാണെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവനക്കും ട്വീറ്റിനും എതിരേയാണ് പരാതി നല്‍കിയത്.

Update: 2020-06-05 02:21 GMT

മലപ്പുറം: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടെ ആനയുടെ അപകട മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലക്കെതിരെ സാമുദായിക-പ്രാദേശിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയ മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിക്കെതിരേ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി അബ്ദുല്‍ ലത്തീഫ് എസ്പിക്ക് പരാതി നല്‍കി.

മലപ്പുറം അക്രമങ്ങളുടെ കേന്ദ്രമാണെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവനക്കും ട്വീറ്റിനും എതിരേയാണ് പരാതി നല്‍കിയത്. മത സൗഹാര്‍ദവും ശാന്തിയും നില നില്‍ക്കുന്ന മലപ്പുറത്തെ കുറിച്ചുള്ള തെറ്റായ പ്രാചരണം മനപ്പൂര്‍വ്വം വിദ്വേഷം പടര്‍ത്തുന്നതിന് വേണ്ടി നടത്തിയതാണെന്ന് പരാതിയില്‍ പറഞ്ഞു.

മലപ്പുറം ജില്ലക്കു പുറത്തു നടന്ന ഒരു സംഭവത്തെ ബോധപൂര്‍വ്വം ഒരു ജില്ലയിലെ ജനങ്ങള്‍ക്കെതിരെ, വിശിഷ്യാ ഒരു സമുദായത്തിനെതിരേ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നത്. മനേകാ ഗാന്ധിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ നിരവധിയായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ മലപ്പുറം ജില്ലയിലെ നിവാസികള്‍ക്കും മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമെതിരെ കടുത്ത വര്‍ഗീയ പ്രചരണമാണ് നടക്കുന്നത്. ബിജെപി നേതാക്കള്‍ ഉള്‍പ്പടെ കേരളത്തിലെ സംഘപരിവാര്‍ കേന്ദ്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം വര്‍ഗീയ ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങള്‍ നടത്തി.

ഈ സാഹചര്യത്തില്‍, മലപ്പുറം ജില്ലയിലെ നിവാസികള്‍ക്കെതിരെ രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ സ്പര്‍ദ്ധ വളര്‍ത്തും വിധം ബോധപൂര്‍വ്വം വ്യാജ പ്രചരണം നടത്തിയ മനേക ഗാന്ധിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 ബി, 505, ഐടി ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ പരാതിയില്‍ ആവശ്യപ്പെട്ടു.  

Tags:    

Similar News