കൊറോണ: ഓരോ നിമിഷവും ജാഗ്രത പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടു പോകുമെന്ന് മുഖ്യമന്ത്രി

സാഹചര്യങ്ങള്‍ അസാധാരണമാണ്. അസാധാരണമായ പ്രതിരോധ മാര്‍ഗങ്ങളും നാം സ്വീകരിക്കേണ്ടതുണ്ട്. സമൂഹം ഒറ്റക്കെട്ടായി കൂട്ടായി നീങ്ങേണ്ടതുണ്ട്. നാം പുലര്‍ത്തുന്ന അതീവ ജാഗ്രതയുടെയും കരുതലിന്റെയും ഫലമായാണ് രോഗ പ്രതിരോധത്തില്‍ ഇതുവരെ നമുക്ക് നിര്‍ണായകമായ മുന്നേറ്റം സാധ്യമായത്. മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

Update: 2020-03-19 11:53 GMT

തിരുവനന്തപുരം: സംസ്ഥാനത്തും കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാനടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് മുഖ്യമന്ത്രിയുടെ സന്ദേശം.

കൊവിഡ്19 വ്യാപനം അസാധാരണമായ ആരോഗ്യസുരക്ഷാ ഭീഷണിയാണ് ലോകത്താകെ ഉയര്‍ത്തിയിരിക്കുന്നത്. നമ്മുടെ രാജ്യവും സംസ്ഥാനവും അതില്‍ നിന്ന് മുക്തമല്ല. കേരളത്തില്‍ ഇന്നലെവരെ 27 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ മൂന്നു പേര്‍ രോഗത്തില്‍ നിന്ന് മുക്തരായിട്ടുണ്ട്. കാല്‍ ലക്ഷത്തിലേറെ ആളുകള്‍ നിരീക്ഷണത്തിലാണ്. ഇതില്‍ ബഹുഭൂരിപക്ഷവും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

ഓരോ നിമിഷവും ജാഗ്രത പാലിച്ചിലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടു പോകുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ടതോ വിദഗ്ദ്ധരുടെ കൈകളില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടതോ അല്ല. സാഹചര്യങ്ങള്‍ അസാധാരണമാണ്. അസാധാരണമായ പ്രതിരോധ മാര്‍ഗങ്ങളും നാം സ്വീകരിക്കേണ്ടതുണ്ട്. സമൂഹം ഒറ്റക്കെട്ടായി കൂട്ടായി നീങ്ങേണ്ടതുണ്ട്. നാം പുലര്‍ത്തുന്ന അതീവ ജാഗ്രതയുടെയും കരുതലിന്റെയും ഫലമായാണ് രോഗ പ്രതിരോധത്തില്‍ ഇതുവരെ നമുക്ക് നിര്‍ണായകമായ മുന്നേറ്റം സാധ്യമായത്.

ആരോഗ്യ രംഗത്തെ ലോകോത്തര മാതൃകയുടെ അടിത്തറ നമ്മെ ഈ അതിജീവന പ്രവര്‍ത്തനങ്ങളില്‍ കരുത്തരാക്കുന്നു. ഭീതിയോ സംഭ്രാന്തിയോ ഉണ്ടാകേണ്ട സാഹചര്യം നിലവിലില്ല എന്ന് പൊതുവെ പറയാം. അതിന്റെ അര്‍ത്ഥം ജാഗ്രതയില്‍ കുറവ് വരാന്‍ പാടില്ല എന്നാണ്. ജാഗ്രതയില്‍ ഒരു ചെറിയ പിഴവ് വന്നാല്‍ പോലും കാര്യങ്ങള്‍ വഷളാകും. നമ്മുടെ നാട്ടിലെ ജനജീവിതം സാധാരണഗതിയില്‍തന്നെ മുന്നോട്ട്‌നീങ്ങേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും വലിയ ഇടപെടല്‍ നടത്താനാകുന്നതും ഉത്തരവാദിത്വം നിര്‍വഹിക്കാനാകുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അവയിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ്. ആ പ്രധാന്യം മുന്നില്‍ കണ്ടാണ് ഇത്തരമൊരു ആശയ വിനിമയം വേണം എന്ന് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായാണ് നമ്മുടെ ഇടപെടല്‍. നിങ്ങളെ അഭിസംബോധന ചെയ്യാന്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും ഇവിടെ എത്തിയിട്ടുണ്ട്.

കൊറോണ വിപത്തിനെതിരായ സമരത്തില്‍ അവിശ്രമം പങ്കെടുക്കുന്നവരാണ് കേരളത്തിലാകെ ഇത് ശ്രവിക്കുന്ന ഓരോരുത്തരും. അതിന്റെ പ്രയോജനം നാടാകെ അനുഭവിക്കുന്നുമുണ്ട്. അതില്‍ എല്ലാവരെയും ഹാര്‍ദമായി അഭിവാദ്യം ചെയ്യുന്നു.

നാട് ഒരു വലിയ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. ഈ ഘട്ടത്തില്‍ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും മാറ്റിവെച്ചുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് പൊതുപ്രവര്‍ത്തകര്‍ എന്ന നിലയിലും ജനപ്രതിനിധികള്‍ എന്ന നിലയിലും മനുഷ്യര്‍ എന്ന നിലയിലും നമ്മുടെ ഉത്തരവാദിത്വം. കൊവിഡ് 19 അണുബാധ പരിധിയില്ലാതെ പടരുന്ന സാഹചര്യം ലോകത്താകെയുണ്ട്. വികസിത രാജ്യങ്ങള്‍ പോലും സ്തംഭിച്ചു നില്‍ക്കുന്നു. എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് ഒട്ടുമിക്ക രാജ്യങ്ങളും. നിലവില്‍ നൂറ്റി അറുപതോളം രാജ്യങ്ങളിലാണ് ഇത് പടര്‍ന്നു പിടിച്ചത്.

സംസ്ഥാനത്ത് ഇന്ന് ഏതാണ്ട് ഇരുപത്തി ആറായിരത്തോളം പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. യഥാര്‍ത്ഥത്തില്‍ ഐസൊലേഷനിലല്ല കരുതലില്‍ കഴിയുകയാണ്. നമ്മുടെ സഹോദരങ്ങള്‍ രോഗം ബാധിക്കാനുള്ള സാഹചര്യത്തില്‍ പെട്ടുപോയതുകൊണ്ട് അവരെ സംരക്ഷിക്കാനും അവര്‍ക്ക് രോഗം വന്നാല്‍ അത് മറ്റുള്ളവരിലേക്ക് പടര്‍ന്നു പിടിക്കാതിരിക്കാനും ഉള്ള കരുതല്‍ നാം ഏറ്റെടുക്കുകയാണ്. അവര്‍ നിരീക്ഷണത്തിലാണ്. അവരുടെ സംരക്ഷണം നമ്മുടെ, പ്രത്യേകിച്ച് പ്രാദേശിക ഭരണ സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമായി മാറുകയാണ്. നമുക്ക് മുന്നിലുള്ള കടമ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ്.

അവര്‍ക്ക് നിരവധി ആവശ്യങ്ങള്‍ ഉണ്ടാകാം. ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള പ്രാഥമികമായ കാര്യങ്ങള്‍ക്കൊന്നും ഒരു തടസ്സം വന്നുകൂടാ. നിരീക്ഷണത്തില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകാതെ അവരുടെ സാധാരണ ജീവിതം ഉറപ്പാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടലുകള്‍ ഉണ്ടാകണം.

നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ തടങ്കലില്‍ അല്ല. അങ്ങനെ അവര്‍ക്ക് തോന്നാനും പാടില്ല. അതുകൊണ്ടാണ് ക്വാറന്റൈന്‍ എന്ന വാക്കിനു പകരം കെയര്‍ സെന്റര്‍ എന്ന് ഉപയോഗിക്കാന്‍ നാം തീരുമാനിച്ചത്. ഇത് ആര്‍ക്കും വിഷമം ഉണ്ടാകാതിരിക്കാനാണ്. എന്നാല്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ ചാടി പോകുന്ന അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. അത് അനുവദിക്കാനാവില്ല. ഏതെങ്കിലും തരത്തില്‍ ബലംപ്രയോഗിച്ചു തടഞ്ഞുവെക്കാനല്ല പറയുന്നത്. സാമൂഹികമായ ജാഗ്രത ഉണ്ടെങ്കില്‍ മാത്രമേ അത്തരം അനുഭവങ്ങള്‍ ഒഴിവാക്കാനാവൂ. സൗകര്യങ്ങളും സ്‌നേഹ പരിചരണവും നല്‍കുന്നതിനൊപ്പം അവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം.

ഈ വൈറസിന്റെ ഒരു പ്രത്യേകത, ഇത് ആര്‍ക്ക് ബാധിച്ചു; ആരാണ് രോഗാണുവാഹി എന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റില്ല എന്നതാണ്. രോഗബാധയുള്ള ആളുകളുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആരെയും വൈറസ് പിടികൂടാം. അതുകൊണ്ടാണ് വിവാഹം, ആരാധന, ഉത്സവങ്ങള്‍ ഇതൊക്കെ നാം നിയന്ത്രിക്കുന്നത്. ഇങ്ങനെയുള്ള നിയന്ത്രണങ്ങളില്‍ ആര്‍ക്കും പ്രത്യേകിച്ച് പ്രയാസമോ പരിഭവമോ ഇല്ല; എതിര്‍പ്പുമില്ല എന്നതാണനുഭവം. മതസാമുദായിക നേതാക്കളോട് സംവദിച്ചപ്പോള്‍ എല്ലാവരും ഒരേ മനസ്സോടെയാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. നാട്ടില്‍ രൂപപ്പെടുന്ന ആള്‍ക്കൂട്ടങ്ങള്‍ താല്‍ക്കാലികമായി തടയുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന കാര്യം. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കോഴിക്കോട്ടെ പ്രസിദ്ധമായ പള്ളിയടക്കം ഏതാനും ആരാധനായലയങ്ങള്‍ ഇനിയൊരു അറിയിപ്പ് വരെ ജുമാ നമസ്‌കാരം ഉണ്ടാവില്ലെന്ന് തീരുമാനിച്ചു. ഇതൊക്കെ മാതൃകാപരമായ ഇടപെടലാണ്.

വൈറസ് വ്യാപനം പ്രതീക്ഷിക്കാത്ത തരത്തില്‍ വര്‍ധിക്കാനുള്ള സാധ്യത വലുതാണ്. പ്രത്യേകിച്ച് സാമൂഹിക വ്യാപനം എന്ന രണ്ടാം ഘട്ടത്തില്‍. അത് തടയാനുള്ള ഉത്തരവാദിത്വവും പ്രധാനമായി പ്രാദേശിക ഭരണ സംവിധാനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും തന്നെയാണ്. സര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനങ്ങള്‍ ഉണ്ട്. ഇതൊക്കെ പ്രായോഗിമാകുന്നു എന്ന് ഉറപ്പുവരണമെങ്കില്‍ ജനകീയമായ പരിശോധനാ സംവിധാനമുണ്ടാകണം. അതുകൊണ്ട് നിങ്ങളെ ഞാന്‍ ഓര്‍മിപ്പിക്കുന്ന മറ്റൊരു ഉത്തരവാദിത്വം നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കലാണ്.

നാം ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് ചെറിയ പ്രയാസങ്ങള്‍ ഉണ്ടാകുമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. ചിലര്‍ക്കെങ്കിലും അത് വലിയ പ്രയാസങ്ങള്‍ തന്നെയായി മാറുകയും ചെയ്യും. വിവാഹവും ഉത്സവവും അതുപോലുള്ള മറ്റു പരിപാടികളും ആളുകളുടെ പങ്കാളിത്തം ചുരുക്കി നടത്താന്‍ നമ്മള്‍ പൊതുവില്‍ തീരുമാനിച്ചു. അതിന്റെ ഫലമായി പലരും വിവാഹങ്ങള്‍ മാറ്റിവെച്ചു. പൊതുപരിപാടികള്‍ മാറ്റിവെക്കപ്പെട്ടു. ആളുകള്‍ കാലേക്കൂട്ടി കല്യാണ മണ്ഡപങ്ങളും ഹാളുകളും ബുക്ക് ചെയ്യുന്നുണ്ട്. ചടങ്ങ് മാറ്റിയാല്‍ അഡ്വാന്‍സ് തുക തിരിച്ചു നല്‍കേണ്ടതുണ്ട്. അത് നല്‍കാതിരിക്കുന്നത് നീതിയല്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അഡ്വാന്‍സ് തുക തിരിച്ചു ലഭിക്കുമെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പ്രാദേശിക ഭരണസംവിധാനം നിര്‍വഹിക്കണം.

ഒരു അടിയന്തര ഘട്ടം വരുമ്പോള്‍ പല കാര്യങ്ങളും പതിവില്‍നിന്ന് വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടി വരും. ഉദാഹരണത്തിന് ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ ആണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരം ഒരു ഘട്ടം വരുമ്പോള്‍ ചിലരെങ്കിലും പൂഴ്ത്തിവെപ്പ് പോലുള്ള തെറ്റായ പ്രവണതകള്‍ കാണിക്കും. അതില്ലാതിരിക്കാനുള്ള ഇടപടല്‍ നിങ്ങള്‍ നടത്തണം. മരുന്നുകളുടെ ലഭ്യതയാണ് മറ്റൊന്ന്. പ്രതിരോധ സാമഗ്രികളുടെ ലഭ്യതയും ഉറപ്പുവരുത്തണം. ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്ന് സാധ്യമാകുന്നതല്ല ഇത്. തുടര്‍ച്ചയായ ഇടപെടലും പരിശോധനകളും എല്ലാ തലങ്ങളിലും ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇക്കാര്യങ്ങളില്‍ അടിസ്ഥാനപരമായി ഇടപെടാന്‍ കഴിയുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അതിന്റെ സാരഥികളായ ജനപ്രതിനിധികള്‍ക്കും ആണ്.

മറ്റൊരു വിഷയം സംസ്ഥാനത്ത് ജോലിയെടുക്കുന്ന അതിഥി തൊഴിലാളികളുടേതാണ്. അവര്‍ക്ക് ഇപ്പോള്‍ തൊഴില്‍ ലഭിക്കുന്നില്ല. ജോലി ഇല്ലാത്തപ്പോള്‍ നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളെ പോലെ സമയം ചെലവഴിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് അവര്‍ കവലകളില്‍ കൂട്ടം കൂടുന്നു. ഇത്തരം ഘട്ടങ്ങളില്‍ രോഗവ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നു. അത് തടയാനും അവരെ ബോധവല്‍ക്കരിക്കാനും നാടിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം.

'ബ്രേയ്ക്ക് ദ ചെയ്ന്‍' എന്ന പേരില്‍ നാമൊരു പ്രോട്ടോകോള്‍ തയ്യാറാക്കിയിട്ടുണ്ട്. വൈറസ് വ്യാപനത്തിന്റെ കണ്ണി അറുത്തു മാറ്റുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. മാളുകള്‍, കടകള്‍, ഓഫീസുകള്‍, മാര്‍ക്കറ്റുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവയില്‍ രോഗവ്യാപനം തടയാനുള്ള അണുനശീകരണ പരിപാടിയാണിത്. അത് വിജയിപ്പിക്കുന്നതിനൊപ്പം നേരത്തെ സൂചിപ്പിച്ച ജനവിഭാഗങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.

നമ്മുടെ സമൂഹത്തിലെ ടാക്‌സി, ഓട്ടോ െ്രെഡവര്‍മാര്‍, പാല്‍, പത്ര വിതരണക്കാര്‍ എന്നിങ്ങനെ കൂടുതല്‍ പൊതു ജന സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരിലും ആവശ്യമായ ബോധവല്‍ക്കരണം നടത്തണം. അതുപോലെ എടിഎം മെഷീന്‍ ലിഫ്റ്റുകള്‍ തുടങ്ങിയവയില്‍ വൈറസ് വ്യാപനത്തിന്റെ സാധ്യത കൂടുതലാണ്. അവിടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗം ഉറപ്പാക്കണം.

വിദേശത്തു നിന്നു വരുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണ്. വിദേശ ടൂറിസ്റ്റുകളോട് അപമര്യാദയായി പെരുമാറുന്ന സംഭവങ്ങള്‍ ഉണ്ടാകരുത്. അവര്‍ നാടിന്റെ അതിഥികളാണ് എന്ന ഓര്‍മ്മ എല്ലാവര്‍ക്കും ഉണ്ടാകണം.

നമ്മുടെ സംവിധാനത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമസഭയും അതിനു കീഴിലുള്ള സംവിധാനവുമുണ്ട്. അതിന്റെ പ്രവര്‍ത്തകര്‍ വീടുകളുമായി ദൈനംദിനം ബന്ധം പുലര്‍ത്തണം. ഹെല്‍ത്ത് കമ്മിറ്റികള്‍, ആരോഗ്യ ജാഗ്രതാ സമിതികള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍, അതുപോലുള്ള മറ്റേതെങ്കിലും പേരിലുള്ള സമിതികള്‍. ഇവയുടെ പ്രവര്‍ത്തനം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള ഇടപെടലിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം ബോധപൂര്‍വം നടത്തേണ്ടതാണ്.

വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍, അങ്കണവാടി വര്‍ക്കര്‍, ജെപിഎച്ച്എന്‍ / ജെഎച്ച്‌ഐ, ആരോഗ്യസേനാ പ്രവര്‍ത്തകര്‍, സ്ഥലത്ത് താമസമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ 15 പേരടങ്ങുന്ന കമ്യൂണിറ്റി ഗ്രൂപ്പ് രൂപീകരിക്കണം. ഓരോ വാര്‍ഡിലും കിടപ്പു രോഗികളും മറ്റു രോഗങ്ങള്‍ ഉള്ളവരുമായ വയോജനങ്ങള്‍ എവിടെ താമസിക്കുന്നു, അവരുടെ ഫോണ്‍ നമ്പര്‍ എന്നിവ ഗ്രൂപ്പിന് ശേഖരിക്കാം. പെട്ടെന്ന് വൈദ്യസഹായം ആവശ്യമായി വന്നാല്‍ ആശുപത്രിയില്‍ കിടക്ക ഉറപ്പാക്കല്‍, ആംബുലന്‍സ് ലഭ്യമാക്കല്‍ എന്നിവ കമ്യൂണിറ്റി ഗ്രൂപ്പിന് കൃത്യമായി നടപ്പാക്കാവുന്ന കാര്യമാണ്.

ഞങ്ങള്‍ നിങ്ങള്‍ എന്ന നിലയിലല്ല; നാമൊന്നായി ഒറ്റക്കെട്ടായി ഒരേ മനസ്സായി ജനതയെ; ഈ തലമുറയെ; ഈ ലോകത്തെ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിന് ഇറങ്ങുകയാണ്. നമുക്ക് ഇക്കാര്യത്തില്‍ കൈകോര്‍ത്ത് പിടിക്കാം. പുതിയ മാതൃക സൃഷ്ടിക്കാം. ഐക്യത്തിന്റെ ദുര്‍ഗം തീര്‍ക്കാം. കേരളം ഒറ്റക്കെട്ടാണ്. കൊവിഡ് ബാധയെ പിടിച്ചുനിര്‍ത്തി എന്ന അഭിമാനകരമായ നേട്ടം കരസ്ഥമാക്കാന്‍ നമുക്ക് എല്ലാം മറന്ന് പ്രവര്‍ത്തിക്കാം. മുഖ്യമന്ത്രി സന്ദേശത്തില്‍ അറിയിച്ചു.

Tags: