കര്‍മ നിരതയായി കലക്ടര്‍ അദീല അബ്ദുല്ല; അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രിയും നാടും
ജില്ലാ അതിര്‍ത്തിയായ കര്‍ണ്ണാടക കുടകില്‍ വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചതോടെ കലക്ടറുടെ ജോലി ഭാരം കൂടി. തോല്‍പെട്ടി ചെക്‌പോസ്റ്റിലും മറ്റുമായി വെള്ളിയാഴ്ച പുലര്‍ച്ച വരെ അവര്‍ പ്രതിരോധ നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കി.
പിസി അബ്ദുല്ല
കല്‍പറ്റ: കൊറോണ ഭീതിയില്‍ നാടും നാട്ടുകാരും ആശങ്കയിലുഴലുമ്പോള്‍ മറ്റു കലക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാതൃകയായി വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഊണും ഉറക്കവുമില്ലാത്ത വിധം കര്‍മ്മ നിരതയാണവര്‍. മുഖ്യമന്ത്രിയടക്കമുള്ള ഭരണാധികാരികളുടെയും പൊതു സമൂഹത്തിന്റെയും പ്രശംസ പിടിച്ചു പറ്റിയാണ് അദീലയുടെ പ്രയത്‌നങ്ങള്‍.
കൊറോണ പ്രതിരോധ നടപടികള്‍ ഊര്‍ജിതമായതോടെ കലക്ടറുടെ ദിനചര്യകളാകെ മാറിമറിഞ്ഞു. രണ്ടു അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുകയും ഗോത്ര വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കവുമുള്ള ജില്ലയില്‍ ദിനം പ്രതി പതിനെട്ട് മണിക്കൂറോളമാണ് കലക്ടര്‍ അദീല അബ്ദുല്ല കര്‍മ്മനിരതയാകുന്നത്. രാവിലെ ആറിന് ഔദ്യോഗിക വസതിയില്‍ നിന്നിറങ്ങിയാല്‍ തിരിച്ചെത്തുന്നത് അര്‍ദ്ധ രാത്രി കഴിഞ്ഞ്.
ജില്ലാ അതിര്‍ത്തിയായ കര്‍ണ്ണാടക കുടകില്‍ വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചതോടെ കലക്ടറുടെ ജോലി ഭാരം കൂടി. തോല്‍പെട്ടി ചെക്‌പോസ്റ്റിലും മറ്റുമായി വെള്ളിയാഴ്ച പുലര്‍ച്ച വരെ അവര്‍ പ്രതിരോധ നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് അലംഭാവമില്ലാതിരിക്കാനായി മൂന്ന് താലൂക്കുകളിലെയും സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന മൂന്ന് പ്രധാന പാതകളിലെയും നടപടികള്‍ക്ക് രാപ്പകല്‍ വ്യത്യാസമില്ലാതെ നേരിട്ടെത്തിയാണ് ഡോ. അദീല അബ്ദുല്ല മേല്‍നോട്ടം വഹിക്കുന്നത്. പ്രതിരോധ നടപടികളില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളേയും എകോപിപ്പിക്കുന്നതിലും കലക്ടര്‍ തുടക്കത്തിലെ വിജയിച്ചു.
മലബാറില്‍നിന്ന് സിവില്‍ സര്‍വീസ് നേടിയ ആദ്യമുസ്‌ലിം വനിതയാണ് അദീല. ഖത്തര്‍പെട്രോ ഗോള്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനായ കോഴിക്കോട് കുറ്റിയാടിവടയം നെല്ലിക്കണ്ടി അബ്ദുല്ലയുടെയുംനാദാപുരം ടിഐഎം ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ബിയ്യാത്തുവിന്റെയും മകള്‍. പെരിന്തല്‍മണ്ണഎംഇഎസ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് നേടി. ഡല്‍ഹി ജാമിഅ മില്ലിയയില്‍ സിവില്‍ സര്‍വീസ് പരിശീലനം. തിരൂര്‍സബ് കലക്ടര്‍ ആയിട്ടായിരുന്നു ആദ്യ നിയമനം.
ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ ആയിരിക്കെ കൊച്ചിയിലെ പൊന്നും വിലയുള്ള സര്‍ക്കാര്‍ ഭൂമികള്‍ കയ്യേറിയവര്‍ക്കെതിരെയും, സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാരുടെ പട്ടിക ആവശ്യപ്പെട്ടുള്ള വിവരാവകാശ രേഖ നിഷേധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും കടുത്ത നിലപാട് സ്വീകരിച്ചതോടെ സിപിഎമ്മിനും അനഭിമതയായി. പിന്നീട് കേരള ലൈഫ് മിഷന്‍ സിഇഒ ആയി നിയമിതയായി. പാവപ്പെട്ടവര്‍ക്കു വീട് നിര്‍മ്മിക്കാനുള്ള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അപ്പാര്‍ട്‌മെന്റ് നിര്‍മ്മാണത്തിനു കരാര്‍ നല്‍കുന്നതിനു വിളിച്ച ടെന്‍ഡറില്‍ പങ്കെടുത്ത ഏക കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിവാദം സിഇഒ സ്ഥാനത്തു നിന്നും നീക്കി. നീണ്ട അവധിക്കു ശേഷം2019 ജൂണില്‍ മുതല്‍ ആലപ്പുഴ ജില്ലകലക്ടറായി നിയമിതയായി. കഴിഞ്ഞ നവംബറില്‍ വയനാട്ടില്‍ ജില്ലാ കലക്ടറായി എത്തി.

