പൗരത്വ നിഷേധം: പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തും- പോപുലര്‍ ഫ്രണ്ട്

രാജ്യത്തെ വലിയൊരു ജനവിഭാഗം പ്രകടിപ്പിച്ച ഭീതിയും ആശങ്കകളും പരിഗണിക്കാതിരുന്ന പരമോന്നത കോടതിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മനസ്സറിഞ്ഞുകൊണ്ടുള്ള നിലപാടാണ് കോടതി സ്വീകരിച്ചത്. ഇത് നിര്‍ഭാഗ്യകരമാണെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.

Update: 2020-01-23 07:50 GMT

കോഴിക്കോട്:  മതത്തിന്റെ പേരില്‍ രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ വരുംദിനങ്ങളില്‍ ശക്തിപ്പെടുത്തുകയും കൂടുതല്‍ വ്യാപകമാക്കുകയും ചെയ്യുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പ്രസ്താവിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് രൂപപ്പെട്ട അസ്വസ്ഥമായ സാമൂഹികാന്തരീക്ഷത്തോട് മുഖം തിരിച്ചുകൊണ്ടാണ് കേസ് അടിയന്തര സ്വഭാവത്തില്‍ പരിഗണിക്കാന്‍ തയ്യാറാകാതെ സുപ്രീംകോടതി മാറ്റിവച്ചത്. രാജ്യത്തെ വലിയൊരു ജനവിഭാഗം പ്രകടിപ്പിച്ച ഭീതിയും ആശങ്കകളും പരിഗണിക്കാതിരുന്ന പരമോന്നത കോടതിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മനസ്സറിഞ്ഞുകൊണ്ടുള്ള നിലപാടാണ് കോടതി സ്വീകരിച്ചത്. ഇത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരില്‍ നിന്നും ജനവിരുദ്ധ നീക്കങ്ങള്‍ ഉണ്ടാവുമ്പോള്‍, ഭരണഘടന മൂല്യങ്ങള്‍ പരിരക്ഷിക്കുന്ന നിലപാടാണ് കോടതികളില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്. അതുണ്ടാവാതെ വരുമ്പോള്‍ നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള ശബ്ദം ജനം ഏറ്റെടുക്കും. രാജ്യത്തിന്റെ തെരുവുകളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്നത് ഈ ശബ്ദമാണ്. ഒരു ശക്തിക്കും ഈ ശബ്ദത്തെ വിലയ്‌ക്കെടുക്കാനാവില്ല. തികച്ചും ജനവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ ഈ പ്രതിഷേധങ്ങള്‍ക്ക് വിശ്രമമുണ്ടാവില്ല. സാങ്കേതിക കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേസ് നീട്ടിവച്ചതോടെ പ്രതിഷേധങ്ങള്‍ തണുപ്പിക്കാമെന്ന ഭരണകൂട വ്യാമോഹം നടപ്പാവില്ല. ഇന്ത്യന്‍ തെരുവുകള്‍ കൂടുതല്‍ പ്രക്ഷുബ്ദമാകുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. പ്രതിഷേധ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്ന വിവിധ വിഭാഗങ്ങളുമായി ചേര്‍ന്ന് ഐക്യനിര രൂപപ്പെടുത്താന്‍ പോപുലര്‍ ഫ്രണ്ട് മുന്‍കൈ എടുക്കും.

അധികാരത്തിന്റെ പിന്‍ബലത്തില്‍ ഹിന്ദുത്വ ഫാഷിസം തേര്‍വാഴ്ച നടത്തുന്ന കാലത്ത് കോടതികള്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് അവരുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം. അതിനു കഴിയാതെ വരുന്നത് അപകടകരമാണ്. മതത്തിന്റെ പേരില്‍ വിവേചനം സൃഷ്ടിക്കുകയും പൗരന്‍മാര്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന നിയമനിര്‍മ്മാണങ്ങള്‍ പരാജയപ്പെടുത്തുക എന്നത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനില്‍പ്പിന് അനിവാര്യമാണ്. ഇത്തരം ഘട്ടങ്ങളില്‍ തിരുത്തല്‍ ശക്തിയാവേണ്ട കോടതിക്ക് ആ ധര്‍മ്മം നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. 



Tags:    

Similar News