ജനിച്ച് 30 മണിക്കൂറിനുശേഷം നവജാതശിശുവിനു കൊറോണ സ്ഥിരീകരിച്ചു

Update: 2020-02-06 05:09 GMT

ബെയ്ജിങ്: ചൈനയില്‍ നവജാതശിശുവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിച്ച് 30 മണിക്കൂര്‍ കഴിഞ്ഞാണു കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടു ചെയ്തത്. കുഞ്ഞിന്റെ മാതാവിന് പ്രസവിക്കുന്നതിന് മുമ്പ് കൊറോണ സ്ഥിരീകരിച്ചിരുന്നു. കൊറോണ ബാധിച്ച ഗര്‍ഭിണികള്‍ക്ക് അവരുടെ കുഞ്ഞുങ്ങള്‍ക്കും വൈറസ് പകരാന്‍ സാധ്യതയുണ്ടെന്ന് വുഹാന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. വൈറസ് ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ നവജാതശിശു. നോവല്‍ കൊറോണ ബാധയാണു കുട്ടിയില്‍ സ്ഥിരീകരിച്ചത്. പ്രസവത്തിലൂടെ മാതാവില്‍നിന്നു കുഞ്ഞിനു വൈറസ് പകരില്ലെന്നാണു കരുതപ്പെട്ടിരുന്നത്. വൈറസ് ന്യുമോണിയയ്ക്ക് കാരണമാവുകയും ചുമ, തുമ്മല്‍ എന്നിവയില്‍ നിന്ന് മനുഷ്യര്‍ക്കിടയില്‍ വ്യാപിക്കുകയും ചെയ്യുന്നതായി പറയപെടുന്നു.

അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി. രോഗബാധിതരുടെ എണ്ണം 28,000 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 73 പേരാണ് മരിച്ചത്. 3,694 പേരില്‍ പുതുതായി വൈറസ് ബാധ കണ്ടെത്തി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുന്നത്.

Tags: