കെ റെയിലില്‍ പിന്നോട്ടില്ല, രണ്ടിരട്ടിക്കും മേലെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാര്‍: മുഖ്യമന്ത്രി

കെ റെയില്‍ പദ്ധതിയില്‍ നിന്ന് ഒട്ടും പിന്നോട്ടില്ല. കെ റെയില്‍ പ്രതിഷേധം റിപോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുന്നയിച്ചു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവര്‍ണജൂബിലി ആഘോഷചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2022-04-02 11:37 GMT

കോഴിക്കോട്: കെ റെയില്‍ പദ്ധതിയില്‍നിന്നു പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. അതിന് മുകളില്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കെ റെയില്‍ പദ്ധതിയില്‍ നിന്ന് ഒട്ടും പിന്നോട്ടില്ല. കെ റെയില്‍ പ്രതിഷേധം റിപോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുന്നയിച്ചു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവര്‍ണജൂബിലി ആഘോഷചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളതു കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. ഓരോ പദ്ധതിയും നടപ്പാക്കേണ്ട സമയത്തു തന്നെ നടപ്പാക്കേണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെ നടപ്പാക്കുന്നതിനെ ഏതെങ്കിലും ചിലര്‍ നിക്ഷിപ്ത താല്‍പ്പര്യം വെച്ച് എതിര്‍ക്കുകയാണ്. അതിന്റെ കൂടെ വെള്ളമൊഴിച്ചും വളമിട്ടും നില്‍ക്കലാണോ നാട്ടിലെ മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്ന് പിണറായി വിജയന്‍ ചോദിച്ചു.

ഇക്കാര്യത്തില്‍ സ്വയം പരിശോധന മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് നല്ലതാണ്. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാഫോണായി മാധ്യമങ്ങള്‍ മാറരുത്. കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്നവരെ മഹത്വവത്കരിക്കുകയാണ്. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം. മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ അപമാനിക്കുന്നു. അധികാരികളുടെ വാഴ്ത്തുപാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചു. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Tags: