ചേവായൂര്‍ പോലിസ് അന്യായ നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭം: എസ് ഡിപിഐ

പാതിരാത്രിയിലടക്കം വീടുകളില്‍ കയറിച്ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പോലിസ് സ്ത്രീകളെയും കുട്ടികളെയുമടക്കം ഭയപ്പെടുത്തി കള്ളകേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്- ഭാരവാഹികള്‍ ആരോപിച്ചു.

Update: 2020-05-03 09:21 GMT

കോഴിക്കോട്: കക്കോടി ബിജെപി പ്രവര്‍ത്തകന് ആക്രമണമുണ്ടായതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കാനുള്ള ചേവായൂര്‍ സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലിസിന്റെ ശ്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി.

സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും യഥാര്‍ത്ഥ പ്രതികളെ കണ്ടത്താനാവാത്ത പോലിസ് എസ്ഡിപിഐ പ്രവര്‍ത്തകരെ നിരന്തരം ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയുമാണ്. പാതിരാത്രിയിലടക്കം വീടുകളില്‍ കയറിച്ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പോലിസ് സ്ത്രീകളെയും കുട്ടികളെയുമടക്കം ഭയപ്പെടുത്തി കള്ളകേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പാലത്താഴി പീഡന കേസ് അന്വേഷണത്തില്‍ ആരോപണ വിധേയനായ സിഐ ചേവാഴൂര്‍ സ്റ്റേഷനില്‍ ചാര്‍ജ് എടുത്തതിനു ശേഷം എസ്ഡിപിഐ പ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടത്തുന്നത്.

നിരന്തരം ചോദ്യം ചെയ്തതിനു ശേഷവും പൂര്‍ണമായി പോലിസുമായി സഹകരിച്ചിട്ടും വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പാര്‍ട്ടി പ്രാദേശിക നേതാക്കളെ അവഹേളിക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികളാണ് പോലിസ് പിന്തുടരുന്നത്. ഇത്തരം ശ്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വരുമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.ഓണ്‍ലൈണ്‍ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു. സലീം കാരാടി, എം എ സലിം, എന്‍ കെ റഷീദ് ഉമരി, വാഹിദ് ചെറുവറ്റ, ജലീല്‍ സഖാഫി സംസാരിച്ചു.

Tags: