ഡെലിവറിക്കിടെ വളര്‍ത്തുനായ ഓടിച്ചു; സ്വിഗ്ഗി ജീവനക്കാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു (വീഡിയോ)

Update: 2023-01-16 14:12 GMT

ഹൈദരാബാദ്: സ്വിഗ്ഗി ഡെലിവറി ഏജന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ചു. ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ വളര്‍ത്തുനായയെ ഭയന്ന് ഓടിയ മുഹമ്മദ് റിസ്വാന്‍ എന്ന 23 കാരനാണ് ചികില്‍സയിലിരിക്കെ മരിച്ചത്. ജനുവരി 11ന് ബഞ്ചാര ഹില്‍സിലെ ലുംബിനി റോക്ക് കാസില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് മുഹമ്മദ് റിസ്വാന്‍ അപകടത്തില്‍പ്പെട്ടത്. ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതിനായി അപ്പാര്‍ട്‌മെന്റിലേക്ക് പോയതായിരുന്നു.

റിസ്വാന്‍ വീടിന്റെ വാതില്‍ക്കലെത്തിയപ്പോള്‍ ഉപഭോക്താവിന്റെ വളര്‍ത്തുനായ ജര്‍മന്‍ ഷെപ്പേര്‍ഡ് നേരേ കുതിച്ചുചാടി. ഭയന്ന യുവാവ് ഓടി. നായ പിന്നാലെ ഓടി. റിസ്വാന്‍ റെയിലിങ്ങില്‍ നിന്ന് ചാടാന്‍ ശ്രമിച്ചെങ്കിലും കാല് വഴുതി വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് റിസ്വാനെ നിസാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (നിംസ്) എത്തിച്ചു. തുടര്‍ന്ന് ശനിയാഴ്ച മരിക്കുകയായിരുന്നു. ഐപിസി 304ാം വകുപ്പ് പ്രകാരം നായയുടെ ഉടമയ്‌ക്കെതിരേ കേസെടുത്തതായി ബഞ്ചാര ഹില്‍സ് ഇന്‍സ്‌പെക്ടര്‍ നരേന്ദര്‍ പറഞ്ഞു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. നായയുടെ ഉടമയ്‌ക്കെതിരേ റിസ്വാന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. നായ പിന്നാലെ ഓടിയിട്ടും ഉടമ നായയെ തടയാന്‍ ശ്രമിച്ചില്ലെന്നും പിന്നീട് ഇവരെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണെടുത്തില്ലെന്നും കുടുംബം പറയുന്നു. ആശുപത്രിയിലെ ബില്ലടയ്ക്കാന്‍ പോലും തയ്യാറായില്ല. യുവാവിന്റെ മരണത്തില്‍ നായയുടെ ഉടമ തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നാണ് റിസ്വാന്റെ കുടുംബത്തിന്റെ ആവശ്യം. മരിച്ച റിസ്വാന്‍ മൂന്നുവര്‍ഷമായി 'സ്വിഗ്ഗി'യില്‍ ഡെലിവറി ഏജന്റായി ജോലിചെയ്തുവരികയായിരുന്നു.

Tags:    

Similar News