റിസര്‍വ് ബാങ്കില്‍ നിന്ന് 30,000 കോടിരൂപ കൂടി ആവശ്യപ്പെടാനൊരുങ്ങി കേന്ദ്രം

Update: 2019-09-29 17:32 GMT

ന്യൂഡല്‍ഹി: ധനക്കമ്മി ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി വീണ്ടും പണം ആവശ്യപ്പെടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇടക്കാല ലാഭവിഹിതമായി 30,000 കോടി രൂപ കൂടി കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപോര്‍ട്ട്. ആവശ്യമായി വരികയാണെങ്കില്‍ ധനക്കമ്മി നികത്താന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി 25,000 മുതല്‍ 30,000 കോടിരൂപവരെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ടു ചെയ്തു. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. എന്നാല്‍ ലാഭവിഹിതം നല്‍കണമോ എന്ന കാര്യത്തില്‍ ജനുവരിയില്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുത്തേക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇടക്കാല ലാഭവിഹിതമായി 28,000 കോടിരൂപ റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ കേന്ദ്രസര്‍ക്കാരിന് കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. ബിമല്‍ ജലാന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു തീരുമാനം. 

Tags: