ബിപിസിഎല്‍ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം ലേലം വിളിച്ചു

ലേലത്തില്‍ പങ്കെടുക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് യോഗ്യതയില്ല

Update: 2020-03-07 17:45 GMT

ന്യൂഡല്‍ഹി: ബിപിസിഎല്‍ ഓഹരി വില്‍ക്കാന്‍ കേന്ദ്രം ലേലം വിളിച്ചു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിലെ സര്‍ക്കാരിന്റെ 53.29 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം വിളിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു. ലേലം സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 2ാണ്. കേന്ദ്ര സര്‍ക്കാരിന്റെ എക്കാലത്തെയും വലിയ സ്വകാര്യവല്‍കരണ നീക്കമാണിത്.

ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് പുറത്തിറക്കിയ ലേല രേഖയിലാണ് ഇക്കാര്യം അറിയിച്ചത്. 114.91 കോടി ഇക്വിറ്റി ഷെയറുകളുള്ള ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിലെ മൊത്തം ഓഹരിയുടെ 52.98 ശതമാനമാണ് കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. മാനേജ്‌മെന്റ് നിയന്ത്രണം വാങ്ങുന്നവര്‍ക്കായിരിക്കും ലഭിക്കുക.

10 ബില്യണ്‍ ഡോളറോ അതില്‍ കൂടുതലോ ആസ്തിയുള്ള ഏതൊരു സ്വകാര്യ കമ്പനിക്കും ലേലം വിളിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഓഫര്‍ രേഖയില്‍ പറയുന്നു. നാലില്‍ കൂടുതല്‍ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തെ ലേലം വിളിക്കാന്‍ അനുവദിക്കില്ല. ലേലത്തില്‍ പങ്കെടുക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് യോഗ്യതയില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. കണ്‍സോര്‍ഷ്യത്തിലെ ലീഡ് അംഗത്തിന് 40% ഓഹരി ഉണ്ടായിരിക്കണമെന്നും മറ്റുള്ളവര്‍ക്ക് കുറഞ്ഞത് ഒരു ബില്യണ്‍ ഡോളര്‍ വീതം ആസ്തി ഉണ്ടായിരിക്കണമെന്നും ഓഫര്‍ രേഖയില്‍ പറയുന്നു.

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിലെ സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി കഴിഞ്ഞ നവംബറില്‍ സ്വീകരിച്ചിരുന്നു. പൊതുമേഖലാ കമ്പനികളിലെ ഓഹരി വില്‍ക്കാനുള്ള തീരുമാനം കേന്ദ്ര ധനകാര്യ വിടവ് നികത്താന്‍ സഹായിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1.05 ലക്ഷം കോടി രൂപയുടെ വരുമാനം ലക്ഷ്യമിടാന്‍ ഓഹരി വില്‍പ്പന സഹായിക്കുമെന്ന് സീതാരാമന്‍ പറഞ്ഞു.

ഭാരത് പെട്രോളിയം കൂടാതെ ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡ്, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയാണ് സ്വകാര്യവല്‍കരിക്കുന്ന മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ 63.75% ഓഹരികളും കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ 30.8% ഓഹരികളും സര്‍ക്കാരിനുണ്ട്. 

Tags:    

Similar News