ബിപിസിഎല്‍ വില്‍ക്കരുത്; എസ്ഡിപിഐ സമരസംഗമം നാളെ അമ്പലമുകളില്‍

തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന പ്രശ്‌നം മാത്രമായി ലളിതവല്‍ക്കരിക്കാനാണ് മുഖ്യധാരാ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. പൊന്‍മുട്ടയിടുന്ന ഈ താറാവിനെ കൊല്ലുന്നത് രാജ്യത്തെ കൊല്ലുന്നതിന് തുല്യമാണ്.

Update: 2019-10-28 09:39 GMT

കൊച്ചി: ജനകീയ അടിത്തറയുള്ള മഹാ നവരത്‌ന കമ്പനിയായ ഭാരത് പെട്രോളിയം തുച്ചമായ വിലയ്ക്ക് വിറ്റുതുലയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10ന് അമ്പലമുകള്‍ റിഫൈനറിക്ക് മുന്നില്‍ സമരസംഗമം നടത്തും. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്ഥാപിച്ച നാല് റിഫൈനറികളും ഇന്ത്യയിലുടനീളം പെട്രോളിയം വിപണനശൃഖലകളുമുള്ള പ്രതിവര്‍ഷം 14,000 കോടിക്ക് മുകളില്‍ പ്രവര്‍ത്തനലാഭമുണ്ടാക്കുന്ന ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ഭാരത് പെട്രോളിയം.

11 സബ്‌സിഡിയറി കമ്പനികള്‍, 22 സംയുക്തസംരംഭങ്ങള്‍, 14,802 പെട്രോള്‍ പമ്പുകള്‍, 5,907 എല്‍പിജി വിതരണ ഏജന്‍സികള്‍, 55 ബോട്ടിലിങ് പ്ലാന്റുകള്‍, 123 ഡിപ്പോകള്‍, 6.8 കോടി ഉപഭോക്താക്കള്‍, വിവിധ വിമാനത്താവളങ്ങളില്‍ 56 സര്‍വീസ് സ്റ്റേഷനുകള്‍ അടക്കം 5,000 ഏക്കര്‍ ഭൂമിയും 8 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്ന നവരത്‌ന കമ്പനികളുടെ മഹാരാജാവാണ് ഭാരത് പെട്രോളിയം കോര്‍പറേഷന്‍. ഇത്രയും ഭീമമായ ജനങ്ങളുടെ സ്വത്താണ് ചുളുവിലയ്ക്ക് വിദേശകോര്‍പറേറ്റുകള്‍ക്ക് വില്‍ക്കാന്‍ പോവുന്നത്. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന പ്രശ്‌നം മാത്രമായി ലളിതവല്‍ക്കരിക്കാനാണ് മുഖ്യധാരാ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. പൊന്‍മുട്ടയിടുന്ന ഈ താറാവിനെ കൊല്ലുന്നത് രാജ്യത്തെ കൊല്ലുന്നതിന് തുല്യമാണ്.

തീരുമാനത്തില്‍നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കാനും കേരളത്തിന്റെ പൊതുവികാരം അറിയിക്കുന്നതിനും കേരള നിയമസഭ പ്രമേയം അവതരിപ്പിച്ച് കേന്ദ്രത്തിന് കൈമാറണം. കേരളത്തിന്റെ പൊതുസ്വത്തായ കൊച്ചിന്‍ റിഫൈനറി വിറ്റുതുലയ്ക്കാന്‍ അനുവദിക്കില്ലെന്നത് നാടിന്റെ പൊതുവികാരമായി ഉയര്‍ന്നുവരണം. അതിന് ശക്തിപകരുന്നതിന് വേണ്ടിയാണ് അമ്പലമുകള്‍ ബിപിസിഎല്ലിന് മുന്നില്‍ നാളെ രാവിലെ 10ന് എസ്ഡിപിഐ സമരസംഗമം തീര്‍ക്കുന്നതെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ സമരസംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, ജില്ലാ സെക്രട്ടറിമാരായ ബാബു വേങ്ങൂര്‍, ലത്തീഫ് കോമ്പാറ, ജില്ലാ കമ്മിറ്റി അംഗം സൈനുദ്ദീന്‍ പള്ളിക്കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News