അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇന്ത്യന്‍ കലാരൂപങ്ങളും പാഠ്യവിഷയമാക്കാനൊരുങ്ങി സിബിഎസ്ഇ
അടുത്ത അധ്യയന വര്‍ഷം മുതല്‍ കലാസംയോജിത പഠനം നിര്‍ബന്ധമാക്കാനാണ് ബോര്‍ഡ് ഒരുങ്ങുന്നത്. സിബിഎസ്ഇയ്ക്ക് കീഴിലുള്ള എല്ലാ സ്‌കൂള്‍ അധികാരികള്‍ക്കും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചുകഴിഞ്ഞു. പുതിയ നിര്‍ദേശപ്രകാരം സംഗീതം, നൃത്തം, ദൃശ്യകലകള്‍, നാടകം എന്നിവ യുപി മുതല്‍ എല്ലാ ക്ലാസുകളിലും ആറുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പാചക കലയും പഠനവിഷയമാവും.

ന്യൂഡല്‍ഹി: വിദ്യാഭ്യാസം പാഠപുസ്തകത്തിന് പുറത്തുള്ള കാര്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ കലാരൂപങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പാഠ്യവിഷയമാക്കാന്‍ സിബിഎസ്ഇ തീരുമാനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ കലാസംയോജിത പഠനം നിര്‍ബന്ധമാക്കാനാണ് ബോര്‍ഡ് ഒരുങ്ങുന്നത്. സിബിഎസ്ഇയ്ക്ക് കീഴിലുള്ള എല്ലാ സ്‌കൂള്‍ അധികാരികള്‍ക്കും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചുകഴിഞ്ഞു. പുതിയ നിര്‍ദേശപ്രകാരം സംഗീതം, നൃത്തം, ദൃശ്യകലകള്‍, നാടകം എന്നിവ യുപി മുതല്‍ എല്ലാ ക്ലാസുകളിലും ആറുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പാചക കലയും പഠനവിഷയമാവും.
പുതിയ നിര്‍ദേശം നടപ്പാക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഒരുക്കണം. ആഴ്ചയില്‍ രണ്ട് പീരിയഡ് കലാസംയോജിത പഠനത്തിനുവേണ്ടി നിര്‍ബന്ധമായും നീക്കിവയ്ക്കണം. ഔദ്യോഗികമായ പരീക്ഷകള്‍ക്കോ മൂല്യനിര്‍ണയത്തിനോ ഈ വിഷയങ്ങള്‍ പരിഗണിക്കില്ല. എന്നാല്‍, പ്രായോഗികപരീക്ഷകളും പ്രൊജക്ട് വര്‍ക്കുകളുമുണ്ടായിരിക്കും.
വിവിധ തരം വിളകള്‍, മികച്ച കാര്‍ഷിക രീതികള്‍, കീടനാശിനികളുടെ ഉപയോഗം, പോഷകാഹാരം, ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളുടെ വളര്‍ച്ച എന്നിവയെക്കുറിച്ചും കുട്ടികള്‍ക്ക് അറിവുകള്‍ പകര്‍ന്നുനല്‍കും. കലാസംയോജിത പഠനത്തിലൂടെ കുട്ടികളുടെ വിദ്യാഭ്യാസം സന്തോഷകരവും നൂതനവുമാക്കി മാറ്റുകയാണ് ലക്ഷ്യം. പഠനകാലത്തുതന്നെ കുട്ടികളുടെ സൃഷ്ടിപരമായ വളര്‍ച്ചയ്ക്കും പുതിയ രീതി സഹായകരമാവും.
നിലവിലുള്ളതിന് പുറത്തേക്ക് പുതിയ അറിവ് ആര്‍ജിക്കാനുള്ള കുട്ടികളുടെ കഴിവും വര്‍ധിക്കുമെന്ന് സിബിഎസ്ഇ കണക്കുകൂട്ടുന്നു. സിബിഎസ്ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, എന്‍സിഇആര്‍ടി ഉദ്യോഗസ്ഥര്‍, കലാമേഖലയിലെ വിദഗ്ധര്‍ തുടങ്ങിവരുമായി വിശദമായി ചര്‍ച്ച നടത്തിയശേഷമാണ് ക്ലാസ് മുറികള്‍ കലാപഠനങ്ങള്‍ക്കും വേദിയാവണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് സിബിഎസ്ഇ വ്യക്തമാക്കുന്നു.