സിബിഐ സുപ്രിംകോടതിയിലേക്ക്; മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷം

വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സിബിഐ ഇന്ന് രാവിലെ സുപ്രിംകോടതിയെ സമീപിക്കും. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നു എന്നാരോപിച്ചായിരിക്കും സിബിഐ ഇന്ന് കോടതിയിലെത്തുകയെന്ന് ഏജന്‍സിയുടെ താല്‍ക്കാലിക മേധാവി എം നാഗേശ്വര റാവു പറഞ്ഞു.

Update: 2019-02-04 01:41 GMT

കൊല്‍ക്കത്ത: ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലിസ് മേധാവി രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലിസ് കസ്റ്റഡിയിലെടുത്ത സംഭവം പുതിയ തലത്തിലേക്ക്. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സിബിഐ ഇന്ന് രാവിലെ സുപ്രിംകോടതിയെ സമീപിക്കും. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നു എന്നാരോപിച്ചായിരിക്കും സിബിഐ ഇന്ന് കോടതിയിലെത്തുകയെന്ന് ഏജന്‍സിയുടെ താല്‍ക്കാലിക മേധാവി എം നാഗേശ്വര റാവു പറഞ്ഞു. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ സിബിഐയെ ഏല്‍പ്പിച്ചത് സുപ്രിം കോടതിയിയാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും അപ്പീല്‍ നല്‍കുമെന്നാണ് അറിയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രാഷ്ട്രീയ പ്രതികാരത്തിന് സിബിഐയെ ഉപയോഗിക്കുകയാണെന്നാണ് മമതാ ബാനര്‍ജിയുടെ ആരോപണം. ഇതിനെതിരേ ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാത്രി തന്നെ മധ്യ കൊല്‍ക്കത്തയില്‍ അവര്‍ ധര്‍ണ ആരംഭിച്ചിട്ടുണ്ട്. സിറ്റി പോലിസ് മേധാവി രാജീവ് കുമാറും അവരോടൊപ്പമുണ്ട്. ബിജെപി സംസ്ഥാനത്ത് പ്രസിഡന്റ് ഭരണത്തിന് ആവശ്യപ്പെടുമ്പോള്‍ മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയാല്‍ അത് ഭരണഘടനയുടെ സമ്പൂര്‍ണ തകര്‍ച്ചയായിരിക്കുമെന്ന് മമത പറഞ്ഞു. വാറന്റില്ലാതെ കമ്മീഷണറുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്താന്‍ നിങ്ങള്‍ക്കെങ്ങിനെ ധൈര്യംവന്നു. ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുന്നത് അപ്പടി പ്രാവര്‍ത്തികമാക്കുകയാണ്. ഡോവലാണ് സിബിഐക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ മുഴുവന്‍ നല്‍കുന്നതെന്നും അവര്‍ ആരോപിച്ചു.

ഇന്നലെ രാത്രി മുഴുവന്‍ മമത കൊല്‍ക്കത്തയിലെ ധര്‍ണ സ്ഥലത്തായിരുന്നു. രാവിലെ ബജറ്റ് അവതരണത്തിനായി അവര്‍ നിയമസഭയിലെത്തും. തങ്ങള്‍ക്ക് ജുഡീഷ്യറിയിലും മാധ്യമങ്ങളിലും ജനങ്ങളിലും പൂര്‍ണവിശ്വാസമുണ്ട്. അവര്‍ക്ക് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ തങ്ങള്‍ അതിനെ നേരിടാന്‍ സജ്ജമാണെന്നും മമത പറഞ്ഞു. അതേ സമയം, സിബിഐ ഉദ്യോഗസ്ഥര്‍ ഇന്ന് ഗവര്‍ണര്‍ കേശാരി നാഥ് ത്രിപാഠിയെ കാണും.

രാജീവ് കുമാറിനെ റോസ് വാലി, ശാരദ ചിറ്റ് ഫണ്ട് കേസുകളില്‍ ചോദ്യം ചെയ്യാനായിരുന്നു കഴിഞ്ഞ ദിവസം രാത്രി കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ ഓഫിസിലെത്തിയത്. രാജീവ് കുമാറായിരുന്നു ഈ അഴിമതിക്കേസുകള്‍ അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍. കേസുകളുമായി ബന്ധപ്പെട്ട നിര്‍ണായകമായ ചില പ്രമാണങ്ങള്‍ കാണാതായിരുന്നു. ഇതിന്മേല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് കൊടുത്തുവെങ്കിലും അതിനോട് പ്രതികരിക്കാന്‍ രാജീവ് കുമാര്‍ തയ്യാറായില്ല. ഇതോടെ കമ്മീഷണറുടെ ഓഫീസ് റെയ്ഡ് ചെയ്യാന്‍ സിബിഐ തീരുമാനിക്കുകയായിരുന്നു.

രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ആവശ്യമായ അനുമതികള്‍ പക്കലുണ്ടോയെന്നാണ് വസതിക്കു മുമ്പില്‍ കാത്തു നിന്നിരുന്ന പൊലിസുകാര്‍ സിബിഐ ഉദ്യോഗസ്ഥരോട് ആദ്യം ചോദിച്ചത്. ഇതിന് തൃപ്തികരമായ ഉത്തരം കിട്ടാത്തതിനെ തുടര്‍ന്നാണ് ബലപ്രയോഗത്തിന് തുടക്കമായത്.

അതെസമയം, താന്‍ വേട്ടയാടപ്പെടുന്നുവെന്ന് കാട്ടി, രാജിവച്ച് പുറത്തുപോയ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് കൊല്‍ക്കത്ത പൊലിസ് കമ്മീഷണര്‍ എഴുതിയ കത്ത് പുറത്തുവന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് തന്നെ വേട്ടയാടുകയാണെന്ന് ഈ കത്തില്‍ രാജീവ് കുമാര്‍ പറയുന്നു. 

Tags: