വയനാട് ഇരുളത്തിനടുത്ത് ഉരുള്‍പൊട്ടിയെന്ന് സംശയം; ജാഗ്രതാ നിര്‍ദേശം

നരസി പുഴയില്‍ ക്രമാതീതമായി വെള്ളം കൂടുന്നുണ്ടെന്നും പുഴയുടെ തീരങ്ങളില്‍ നിന്ന് വീണ്ടും ആളുകള്‍ ക്യാംപിലേക്ക് മാറുകയാണെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്

Update: 2019-08-18 18:37 GMT

കല്‍പ്പറ്റ: വയനാട് ഇരുളത്തിനടുത്ത് ഉരുള്‍പൊട്ടിയെന്ന സംശയത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം. മഴയാണോ ഉരുള്‍ പൊട്ടലാണോ എന്ന് വ്യക്തമല്ലെന്നും ജാഗ്രത പാലിക്കണമെന്നും കേരളാ ഫ്‌ളഡ് ഡിസാസ്റ്റര്‍ ഹെല്‍പ് ഗ്രൂപ്പില്‍ നിന്നറിയിച്ചു. നരസി പുഴയില്‍ ക്രമാതീതമായി വെള്ളം കൂടുന്നുണ്ടെന്നും പുഴയുടെ തീരങ്ങളില്‍ നിന്ന് വീണ്ടും ആളുകള്‍ ക്യാംപിലേക്ക് മാറുകയാണെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നടവയല്‍ ചിങ്ങോട് മേഖലയിലാണ് നരസിപ്പുഴ കരകവിഞ്ഞൊഴുകുന്നത്. രാത്രിയോടെ പുഴയോരത്തെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ നിരവധി പേരെ വീണ്ടും ക്യാംപുകളിലേക്ക് മാറ്റുകയായിരുന്നു. പേരൂര്‍ അമ്പലകോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 20 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാവാം ജലനിരപ്പ് ഉയര്‍ന്നതെന്നും സംശയിക്കുന്നുണ്ട്.






Tags: