ദേശീയ പതാക തലകീഴായി ഉയര്‍ത്തിയതിന് കെ സുരേന്ദ്രനെതിരേ കേസ്

Update: 2021-08-15 15:09 GMT

തിരുവനന്തപുരം: ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ പോലിസ് കേസെടുത്തു. സിപിഎം പാളയം ഏരിയാ കമ്മിറ്റി അംഗം ആര്‍ പ്രദീപ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലിസാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മ്യൂസിയം പോലിസ് അറിയിച്ചു.

ദേശീയ ബിംബങ്ങളെ അപമാനിക്കല്‍ തടയല്‍ നിയമത്തിലെ (പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷനല്‍ ഓണര്‍ ആക്ട്) 2 എല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നുവര്‍ഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. കണ്ടാലറിയാവുന്ന മറ്റു ചിലര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസായ തിരുവനന്തപുരത്തെ മാരാര്‍ജി ഭവനില്‍ പതാക ഉയര്‍ത്തിയതാണ് വിവാദമായത്.

പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് തലകീഴായാണെന്നും അമളി പറ്റിയതെന്നും അറിഞ്ഞത്. അതിനിടയില്‍ പ്രവര്‍ത്തകര്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കുകയും ചെയ്തു. അബദ്ധം മനസ്സിലായതോടെ പതാക താഴെയിറക്കി. പിന്നീട് ശരിയാക്കിയ ശേഷം വീണ്ടും പതാക ഉയര്‍ത്തി. എന്നാല്‍, പതാക തെറ്റായ രീതിയില്‍ ഉയര്‍ത്തിയതിന് വിശദീകരണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമായിരുന്നു വിശദീകരണം.

Tags: