പൗരത്വ ഭേദഗതി നിയമം: ദുരൂഹ സര്‍വേക്കെതിരേ വിയോജിപ്പ് പ്രകടിപ്പിച്ച കോണ്‍ഗ്രസ്സ്, എസ് ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സര്‍വ്വേക്കെത്തിയവരെ തടഞ്ഞു വെക്കുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ തന്നെ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Update: 2020-01-21 18:19 GMT

കൊല്ലം: ദുരൂഹ സര്‍വ്വേ നടത്താന്‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ വിയോജിപ്പ് അറിയിച്ചതിന്റെ പേരില്‍ രണ്ട് പേരെ കൊല്ലം കടയ്ക്കലില്‍ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ ഗ്രാമപ്പഞ്ചായത്തിലെ 14ാം വാര്‍ഡ്(ചിറവൂര്‍)മെമ്പറും കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവുമായ ഷൈജുവിന്റെ പിതാവ് ഗോപി, എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് അബ്ദുല്‍ സമദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 12ാം തിയ്യതി ഉച്ചയോടെയാണ് സംഭവം നടന്നത്. പൗരത്വ ഭേദഗതി നിയമവും എന്‍പിആറും ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയ സാഹചര്യത്തിലാണ് ദുരൂഹ സര്‍വേയുമായി രണ്ട് പേര്‍ ചിതറയില്‍ എത്തിയത്. സാമ്പത്തിക സ്ഥിതി വിവര വകുപ്പിന്റെ സര്‍വേയാണെന്നാണ് ഇവര്‍ നാട്ടുകാരെ അറിയിച്ചത്. എന്നാല്‍, ഇത്തരം ഒരു സര്‍വേ സംബന്ധിച്ച് വാര്‍ഡ് മെമ്പര്‍ക്കോ പഞ്ചായത്ത് അധികൃതര്‍ക്കോ അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ ഇവരോട് കാര്യങ്ങള്‍ അന്വേഷിക്കുകയും ഈ സാഹചര്യത്തില്‍ ഇത്തരം ദുരൂഹ സര്‍വേ നടപടികളുമായി സഹകരിക്കാനാവില്ലെന്ന് അറിയിക്കുകയും ചെയ്ത് മടക്കി അയക്കുകയുമായിരുന്നു. സര്‍വ്വേക്കെത്തിയവരെ തടഞ്ഞു വെക്കുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ തന്നെ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍, സംഭവം നടന്ന് ഒമ്പത് ദിവസത്തിന് ശേഷമാണ് കോണ്‍ഗ്രസ്സ്, എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പോലിസ് വീട്ടിലെത്തി ചൊവ്വാഴ്ച്ച സ്റ്റേഷനില്‍ ഹാജരാകണമെന്ന് അറിയിക്കുകയായിരുന്നു. പോലിസ് അറിയിച്ചത് പ്രകാരം ഇന്ന് കടക്കല്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയവരേയാണ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്തിരിക്കുന്നത്. സര്‍വ്വേക്കെത്തിയവരെ തടഞ്ഞുവച്ചു, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി എന്നീ പരാതികളിലാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. എന്നാല്‍, സര്‍വ്വേക്കെത്തിയവരെ തടഞ്ഞു വയ്ക്കുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികള്‍ തന്നെ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്.

Tags:    

Similar News