അടുത്ത ലക്ഷ്യം റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ നാടുകടത്തലെന്ന് കേന്ദ്രമന്ത്രി

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ എന്നീ ആറ് മത ന്യൂനപക്ഷങ്ങളുടേയും ഭാഗമല്ല റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെന്നും അവര്‍ മ്യാന്‍മറില്‍ നിന്നുള്ളവരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Update: 2020-01-04 06:49 GMT

ന്യൂഡല്‍ഹി: രാജ്യത്തെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ നാടുകടത്തലാണ് കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ജമ്മു കശ്മീരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ത്രിദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത നിരവധി റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ജമ്മുവില്‍ താമസിക്കുന്നുണ്ടന്നും അത്തരം വ്യക്തികളുടെ പട്ടിക തയ്യാറാക്കുമെന്നും അവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ എന്നീ ആറ് മത ന്യൂനപക്ഷങ്ങളുടേയും ഭാഗമല്ല റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെന്നും അവര്‍ മ്യാന്‍മറില്‍ നിന്നുള്ളവരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സിഎഎയുടെ കീഴില്‍ ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയില്ലാത്തതിനാല്‍ ഇവിടെ നിന്നും പോകേണ്ടതുണ്ടന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി.

പാര്‍ലമെന്റ് പാസാക്കിയ ദിവസം തന്നെ പൗരത്വ ഭേദഗതി നിയമം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ ബാധകമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് യുഎന്‍എച്ച്‌സിആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏകദേശം 14,000 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളാണ് ഇന്ത്യയിലുള്ളത്. 40,000 റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരെ പുറത്താക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഡിസംബര്‍ 11 ന് പാര്‍ലമെന്റില്‍ പാസാക്കിയ ശേഷം പൗരത്വ ഭേദഗതി നിയമം രാജ്യത്തുടനീളം വന്‍ പ്രക്ഷോഭത്തിന് കാരണമായി. മുസ് ലിംകളെ മാത്രം ഒഴിവാക്കിയുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെ 26 പേര്‍ കൊല്ലപ്പെട്ടു. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ ഇപ്പോഴും അറസ്റ്റിലാണ്. പൗരത്വ നിയമം പിന്‍വലിക്കുന്നത് വരേ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.



Tags: