പൗരത്വ ഭേദഗതി നിയമം: ബിജെപി പരിപാടി ബഹിഷ്‌കരിച്ച് തിരൂരും കുറ്റിക്കാട്ടൂരും -കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിക്കെത്തിയത് ബിജെപി പ്രവര്‍ത്തകര്‍ മാത്രം

കേന്ദ്രമന്ത്രി സോം പ്രകാശ് ഉദ്ഘാടനം ചെയ്ത പരിപാടി തിരൂരില്‍ നടക്കുമ്പോള്‍ ടൗണില്‍ ഹര്‍ത്താലിന് സമാനമായ അവസ്ഥയായിരുന്നു. സംഘടനകളുടേയോ രാഷ്ട്രീയ പാര്‍ട്ടികളുടേയോ ആഹ്വാനം ഒന്നുമില്ലാതെ തന്നെ തിരൂരിലെ വ്യാപാരികള്‍ കടകള്‍ അടച്ചു.

Update: 2020-01-16 14:41 GMT
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി മലപ്പുറം ജില്ലയിലെ തിരൂരിലും കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരും നടത്തിയ പരിപാടി ബഹിഷ്‌കരിച്ച് നാട്ടുകാരും വ്യാപാരികളും. കേന്ദ്രമന്ത്രി സോം പ്രകാശ് ഉദ്ഘാടനം ചെയ്ത പരിപാടി തിരൂരില്‍ നടക്കുമ്പോള്‍ ടൗണില്‍ ഹര്‍ത്താലിന് സമാനമായ അവസ്ഥയായിരുന്നു. സംഘടനകളുടേയോ രാഷ്ട്രീയ പാര്‍ട്ടികളുടേയോ ആഹ്വാനം ഒന്നുമില്ലാതെ തന്നെ തിരൂരിലെ വ്യാപാരികള്‍ കടകള്‍ അടച്ചു. സ്വകാര്യ ബസുകളും ഓട്ടോ അടക്കമുള്ള വാഹനങ്ങളും സര്‍വീസ് നിര്‍ത്തിയതോടെ തിരൂരില്‍ ഹര്‍ത്താല്‍ പ്രതീതിയിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളെ എത്തിച്ചാണ് ബിജെപി പരിപാടി സംഘടിപ്പിച്ചത്.

ഇന്ന് വൈകീട്ട് നാലിനായിരുന്നു ബിജെപി വിശദീകരണ യോഗം. കേന്ദ്രമന്ത്രി സോം പ്രകാശ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ തുടങ്ങി നിരവധി ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. ബിജെപി പരിപാടി ബഹിഷ്‌കരിച്ച വ്യാപാരികളേയും ബസ്-ഓട്ടോ തൊഴിലാളികളേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് പരിപാടി തുടങ്ങിയത്. മലപ്പുറം ജില്ല മുസ്‌ലിംലീഗ്-എന്‍ഡിഎഫ് നേതാക്കളുടെ തറവാട്ടുസ്വത്തല്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ വളഞ്ഞവഴിയിലെ വ്യാപാരികളാണ് ബിജെപി പരിപാടി ആദ്യം ബഹിഷ്‌കരിച്ചത്. പിന്നീട് നിരവധി ടൗണുകള്‍ ഈ പ്രതിഷേധ രീതി മാതൃകയാക്കി. കഴിഞ്ഞ ദിവസം കുറ്റിയാടിയിലും ബിജെപിയുടെ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. ഇന്ന് കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലും വ്യാപാരികള്‍ ബിജെപി പരിപാടി ബഹിഷ്‌കരിച്ചു. വ്യാപാരികള്‍ കടകളടച്ചു. ഓട്ടോടാക്‌സി ജീവനക്കാര്‍ വാഹനങ്ങളെല്ലാം ടൗണില്‍ നിന്നും മാറ്റി. കുറ്റിക്കാട്ടൂര്‍ അങ്ങാടി വിജനമായി. പുറംതിരിഞ്ഞു നിന്ന്്് ആ നാട്ടുകാര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. പൂവ്വാട്ടുപറമ്പില്‍ മുതല്‍ കുറ്റിക്കാട്ടൂര്‍ വരെയാണ് ആളുകള്‍ സ്വമേധയാ പൊതുഇടം വിട്ട്്് നിസഹകരണവുമായി ഒഴിഞ്ഞുപോയത്.

ആലപ്പുഴ വളഞ്ഞ വഴി, കുറ്റിയാടി, എകരൂല്‍, കൊടുവള്ളി തുടങ്ങി ബിജെപി വിശദീകരണ പൊതുയോഗം നടത്തിയ ഭൂരിപക്ഷം പ്രദേശത്തും നാട്ടുകാരും വ്യാപാരികളും ബിജെപിക്ക് നല്‍കിയ സ്വീകരണം ഇത്തരത്തിലായിരുന്നു.


Tags:    

Similar News