രാജ്യത്ത് ഉപതിരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ല; ചവറയിലേതടക്കമുള്ള വോട്ടെടുപ്പ് മാറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനവും ചില സംസ്ഥാനങ്ങളിലെ പ്രളയക്കെടുതിയും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

Update: 2020-07-23 09:05 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഉപതിരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്ന വിലയിരുത്തലുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ ഏഴുവരെ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് മാറ്റിവെക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനവും ചില സംസ്ഥാനങ്ങളിലെ പ്രളയക്കെടുതിയും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

പിന്നീട് ഉപ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംബന്ധിച്ച്, അപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തീരുമാനമെടുക്കാമെന്നും കമ്മീഷന്‍ തീരുമാനിച്ചു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിക്കാനും തീരുമാനിച്ചു.

കേരളവും മധ്യപ്രദേശും അടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ചവറ നിയമസഭാ മണ്ഡലത്തില്‍ നടക്കേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പും മാറ്റിവെച്ചതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് കുട്ടനാട്, ചവറ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടത്.

ആറ് മാസം കഴിഞ്ഞ കുട്ടനാട് മണ്ഡലം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുത്തിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും നിര്‍ബന്ധമെങ്കില്‍ ആഗസ്തിന് ശേഷം നടത്താമെന്നും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യസിന്ധ്യയ്ക്ക് ഒപ്പം പോയ 22 എംഎല്‍എമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടത്. നിയമം അനുസരിച്ച് സെപ്റ്റംബര്‍ 10നകം ഇവിടെ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. മധ്യപ്രദേശും കേരളവും കൂടാതെ, അസം, നാഗാലാന്‍ഡ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.

Tags: