ഔഫ് സ്മാരക വെയിറ്റിങ് ഷെഡിന് കരി ഓയില്‍ ഒഴിച്ച സംഭവം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

താഴെ കളനാട്ടെ ചന്ദ്രനെ(30)യാണ് മേല്‍പ്പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2021-01-15 15:05 GMT

കാസര്‍ഗോഡ്: കല്ലൂരാവിയില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പഴയകടപ്പുറത്തെ അബ്ദുര്‍റഹ്മാന്‍ ഔഫിന്റെ സ്മരണക്കായി താഴെ കളനാട്ട് നിര്‍മിച്ച ബസ് വെയ്റ്റിങ് ഷെഡിന് കറുത്ത ചായം പൂശിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു.

താഴെ കളനാട്ടെ ചന്ദ്രനെ(30)യാണ് മേല്‍പ്പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. കളനാട് ജുമാമസ്ജിദിന് സമീപം താഴെ കളനാട് റോഡരികില്‍ ഔഫിന്റെ സ്മരണക്കായി നിര്‍മിച്ച ബസ് വെയ്റ്റിങ് ഷെഡ് കെ കുഞ്ഞിരാമന്‍ എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ബസ് ഷെഡിന് കറുത്ത പെയിന്റടിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഔഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായതിനാല്‍ ബസ് വെയിറ്റിങ് ഷെഡ് വികൃതമാക്കിയതിന് പിന്നിലും മുസ്‌ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചിരുന്നു.

സംഭവം സംബന്ധിച്ച് ബി എസ് വൈശാഖിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്. പോലിസ് നടത്തിയ അന്വേഷണത്തില്‍ യഥാര്‍ഥ പ്രതിയെ പോലിസ് കണ്ടെത്തുകയായിരുന്നു. കളനാട് ഭാഗത്ത് സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രവര്‍ത്തകനായ ചന്ദ്രന്‍ ബസ് വെയിറ്റിംഗ് ഷെഡില്‍ കറുത്ത പെയിന്റടിച്ചതെന്ന് പോലിസ് പറഞ്ഞു. ചന്ദ്രനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Tags: