ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ തോല്‍വി: ഹിമാചല്‍, രാജസ്ഥാന്‍ നേതൃത്വങ്ങളെ മാറ്റിയേക്കും

കാര്‍ഷികമേഖലകളേറെയുള്ള മണ്ഡലങ്ങളിലേറ്റ തിരിച്ചടികള്‍ക്ക് കാര്‍ഷിക സമരം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണങ്ങളായിട്ടുണ്ടോ എന്നാണ് പ്രധാനമായും വിലയിരുത്തുന്നത്. ഹിമാചല്‍പ്രദേശിലെയും രാജസ്ഥാനിലെയും സംസ്ഥാനനേതൃത്വങ്ങളെ മാറ്റാന്‍ സാധ്യതയുണ്ട്. ഹിമാചല്‍ മുഖ്യമന്ത്രിയുടെ നിലയും പരുങ്ങലിലാണ്.

Update: 2021-11-04 01:21 GMT

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പിലേറ്റ ദയനീയ തോല്‍വിയുടെ കാരണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നു.

കാര്‍ഷികമേഖലകളേറെയുള്ള മണ്ഡലങ്ങളിലേറ്റ തിരിച്ചടികള്‍ക്ക് കാര്‍ഷിക സമരം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണങ്ങളായിട്ടുണ്ടോ എന്നാണ് പ്രധാനമായും വിലയിരുത്തുന്നത്. ഹിമാചല്‍പ്രദേശിലെയും രാജസ്ഥാനിലെയും സംസ്ഥാനനേതൃത്വങ്ങളെ മാറ്റാന്‍ സാധ്യതയുണ്ട്. ഹിമാചല്‍ മുഖ്യമന്ത്രിയുടെ നിലയും പരുങ്ങലിലാണ്.

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മൂന്നുമാസംമാത്രം ബാക്കിനില്‍ക്കേയാണ് ഉപതിരഞ്ഞെടുപ്പുകളില്‍ ചില സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ക്ഷീണമുണ്ടായത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ വിജയം ഈ മൂന്നുസംസ്ഥാനങ്ങളിലെ പരാജയംമൂലം മങ്ങിയെന്നാണ് ദേശീയനേതാക്കളുടെ വിലയിരുത്തല്‍.

ബിജെപിക്ക് ക്ഷീണമുണ്ടായ മണ്ഡലങ്ങളേറെയും കാര്‍ഷികഗ്രാമീണ മേഖലകളിലാണ്. പ്രാദേശികമായ കാരണങ്ങള്‍ക്കുപുറമേ കര്‍ഷകസമരവും ഇന്ധന വിലയും വിലക്കയറ്റവും തിരിച്ചടിക്ക് ആക്കം കൂട്ടിയെന്നാണ് താഴെത്തട്ടില്‍നിന്ന് ദേശീയനേതൃത്വത്തിന് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്നാണ് ഇന്ധനത്തിന്റെ നികുതി കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായതെന്നാണ് സൂചന. പ്രതിച്ഛായ നഷ്ടം പരിഹരിക്കാന്‍ കൂടുതല്‍ നടപടികളുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍പ്രദേശിലെ പരാജയമാണ് ബിജെപിയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. പരാജയകാരണങ്ങളായി വിലക്കയറ്റവും പണപ്പെരുപ്പവും മുഖ്യമന്ത്രി ജയ്‌റാം ഥാക്കൂര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കേന്ദ്രനേതൃത്വം ഇക്കാര്യം അംഗീകരിച്ചിട്ടില്ല. കൊവിഡ് പ്രതിരോധനടപടികളിലെ വീഴ്ചകള്‍, വിലക്കയറ്റം, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങി ജനരോഷമുയര്‍ന്ന വിഷയങ്ങളില്‍ ഇടപെടുന്നതിലും പരിഹാരം നിര്‍ദേശിക്കുന്നതിലും മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നാണ് അദ്ദേഹത്തിന്റെ എതിരാളികളുടെ ആരോപണം. തിരഞ്ഞെടുപ്പിനുമുമ്പ് നേതൃമാറ്റം വേണമെന്ന ആവശ്യം അവര്‍ ശക്തമാക്കുമെന്നാണ് സൂചന.

രാജസ്ഥാനിലെ തോല്‍വിയും ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. വല്ലഭ്‌നഗറില്‍ പാര്‍ട്ടിസ്ഥാനാര്‍ഥി നാലാം സ്ഥാനത്തും ധരിയാവാദില്‍ മൂന്നാംസ്ഥാനത്തുമായത് പാര്‍ട്ടിക്ക് വന്‍ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി വസുന്ധര രാജെയും സംസ്ഥാന നേതൃത്വവുമായുള്ള വടംവലി താഴെത്തട്ടിലേക്ക് പടര്‍ന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. വല്ലഭ് നഗറില്‍ ആര്‍എല്‍പി സ്ഥാനാര്‍ഥിയായി മത്സരിച്ച ബിജെപി വിമതന്‍ ഉദയ് ലാല്‍ ഡാന്‍ഗിയാണ് രണ്ടാംസ്ഥാനത്ത്.

കര്‍ഷകസമരം നേരിട്ടുബാധിച്ച ഹരിയാനയിലെ എല്ലനാബാദില്‍ ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗട്ടാലയുടെ വിജയവും ബിജെപിയെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്.എല്ലനാബാദ് മണ്ഡലത്തിലെ 190 പോളിങ് സ്‌റ്റേഷനുകളില്‍ 166 എണ്ണം ഗ്രാമീണമേഖലയിലാണ്.

Tags:    

Similar News