ബിജെപി മാവോവാദികളേക്കാള്‍ അപകടകാരി; യുപി മന്ത്രിയുടെ 'തീവ്രവാദ' മുദ്രയ്ക്ക് തിരിച്ചടിച്ച് മമത

മാവോവാദികളേക്കാള്‍ അപകടകാരിയായ ബിജെപി തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Update: 2021-01-19 12:08 GMT

പുരുലിയ: ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യുപി മന്ത്രി ഇസ്‌ലാമിക തീവ്രവാദിയെന്ന് മമതയെ വിശേഷിപ്പിച്ചതിനു പിന്നാലെയാണ് ബിജെപിക്കെതിരേ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ആഞ്ഞടിച്ചത്. മാവോവാദികളേക്കാള്‍ അപകടകാരിയായ ബിജെപി തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. പുരുലിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തൃണമൂല്‍ പാര്‍ട്ടി ഒരു പ്രത്യയ ശാസ്ത്രവും തത്വചിന്തുയുമാണെന്നും വസ്ത്രം മാറുംപോലെ പ്രത്യയശാസ്ത്രങ്ങളെ ദിനംപ്രതി മാറ്റാന്‍ കഴിയില്ലെന്നും പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് പരാമര്‍ശിച്ച് അവര്‍ വ്യക്തമാക്കി. ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാര്‍ട്ടി വിടാമെന്നും എന്നാല്‍, തങ്ങള്‍ ഒരിക്കലും കുങ്കുമ പാര്‍ട്ടിക്ക് മുന്നില്‍ തല കുനിക്കില്ലെന്നും അവര്‍ പറഞ്ഞു.

പുരുലിയ സ്ഥിതിചെയ്യുന്ന ജംഗല്‍മഹല്‍ പ്രദേശത്തെ ആദിവാസി ജനതയെ തെറ്റായ വാഗ്ദാനങ്ങളുമായി ബിജെപി നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അവരെ സന്ദര്‍ശിച്ചില്ലെന്നും അവര്‍ അവകാശപ്പെട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുരുലിയ ഉള്‍പ്പെടെ ജംഗല്‍മഹല്‍ മേഖലയിലെ എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു.

Tags:    

Similar News