'ആശുപത്രികളില്‍ പോവാതെ കറങ്ങി നടക്കുന്ന തബ്‌ലീഗുകാരുണ്ട്, അവരെ വെടിവച്ചു കൊല്ലുന്നതിലും തെറ്റില്ല': കര്‍ണാടക ബിജെപി എംഎല്‍എ

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായാണ് എംപി രേണുകാചാര്യ.

Update: 2020-04-08 17:28 GMT
ആശുപത്രികളില്‍ പോവാതെ കറങ്ങി നടക്കുന്ന തബ്‌ലീഗുകാരുണ്ട്, അവരെ വെടിവച്ചു കൊല്ലുന്നതിലും തെറ്റില്ല: കര്‍ണാടക ബിജെപി എംഎല്‍എ

ബാംഗളൂരു: കൊവിഡ് 19 പരിശോധനയില്‍ നിന്ന് ഒഴിവാകാന്‍ ഒളിച്ച് നടക്കുന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെ വെടിവച്ചുകൊല്ലുന്നതില്‍ തെറ്റില്ലെന്ന് കര്‍ണാടക ബിജെപി എംഎല്‍എ രേണുകാചാര്യ.

'നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ തബ്‌ലീഗുകാര്‍ കോവിഡ് വാഹകരാണ്. അവര്‍ നേരെ ആശുപത്രികളില്‍ ചികില്‍സ തേടണം. ആശുപത്രികളില്‍ പോവാതെ കറങ്ങി നടക്കുന്ന തബ്‌ലീഗുകാരുണ്ട്. അവരെ വെടിവച്ചു കൊല്ലുന്നതിലും തെറ്റില്ല.' എംഎല്‍എ പറഞ്ഞു. അവര്‍ പരോക്ഷമായി ഭീകരപ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായാണ് എംപി രേണുകാചാര്യ. അതേസമയം, ഒരു ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തിങ്കളാഴ്ച വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Tags: