പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാനെത്തിയ ബിജെപി നേതാവിന് നാട്ടുകാരുടെ മര്‍ദ്ദനം

അര്‍മോഹ ജില്ല ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി മുര്‍ത്തസ ആഗ ഖാസിമിയാണ് നാട്ടുകാരുടെ രോഷത്തിന് പാത്രമായത്. ലകാഡ മഹല്ലില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.

Update: 2019-12-29 03:22 GMT

ബിജ്‌നോര്‍(ഉത്തര്‍പ്രദേശ്): വിവാദമായ പൗരത്വ നിയമ ഭേദഗതി (സിഎഎ)യും ദേശീയ പൗരത്വ പട്ടികയും (എന്‍പിആര്‍) സംബന്ധിച്ച് വിശദീകരിക്കാനെത്തിയ ബിജെപി നേതാവിനെ നാട്ടുകാര്‍ വളഞ്ഞിട്ടുതല്ലി. അര്‍മോഹ ജില്ല ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി മുര്‍ത്തസ ആഗ ഖാസിമിയാണ് നാട്ടുകാരുടെ രോഷത്തിന് പാത്രമായത്. ലകാഡ മഹല്ലില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ പോലിസ് കെസെടുത്തു.

ലകാഡ മഹല്ലിലെ ഒരു ഷോപ്പില്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും സംബന്ധിച്ച് ബോധവത്കരണം നടത്താന്‍ പോയതായിരുന്നു താനും സംഘവും. പരിപാടിക്കിടെ റാസ അലി എന്നയാള്‍ എന്നെ ആക്രമിച്ചു. മറ്റ് ചിലരും ആക്രമണത്തിന് ഒപ്പം കൂടി. ഇവര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയെന്ന് ഖാസിമി പറഞ്ഞു.

പൗരത്വ ഭേദഗതിക്കെതിരേ ബിജ്‌നോറില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കെതിരേ പോലിസ് കൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ബിജെപി വ്യാപക പ്രചാരണം നടത്താന്‍ തീരുമാനിച്ചിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തെയാണ് പ്രചാരണത്തിന് ചുമതലപ്പെടുത്തുന്നത്. ഇതിലൂടെ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികക്കുമെതിരേയുള്ള പ്രക്ഷോഭങ്ങളുടെ തീവ്രത കുറയ്ക്കാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.




Tags:    

Similar News