'ലാന്റ് ജിഹാദ്' ആരോപിച്ച് റസ്‌റ്റോറന്റിന്റെ ഉദ്ഘാടനച്ചടങ്ങ് തടഞ്ഞ് സംഘ പരിവാരം (വീഡിയോ)

റസ്‌റ്റോറന്റ് പരിസരത്ത് തടിച്ചുകൂടിയ സംഘം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും മുസ്‌ലിംകള്‍ക്കെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.

Update: 2021-10-27 08:10 GMT

ഗാന്ധിനഗര്‍: ഗുജറാത്തിലെ ആനന്ദ് പട്ടണത്തില്‍ അഞ്ച് മുസ്‌ലിംകളും രണ്ട് ഹിന്ദുക്കളും സംയുക്തമായി ആരംഭിച്ച റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനച്ചടങ്ങ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര സംഘം തടസ്സപ്പെടുത്തി. റസ്‌റ്റോറന്റ് പരിസരത്ത് തടിച്ചുകൂടിയ സംഘം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും മുസ്‌ലിംകള്‍ക്കെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.

സംഘം ഹനുമാന്‍ ചാലിസ നടത്തുകയും റസ്‌റ്റോറന്റിന് പുറത്ത് ഗംഗാ ജലം തളിച്ച് പാത 'ശുദ്ധീകരിക്കു'കയും ചെയ്തു. 'നിങ്ങള്‍ക്ക് ഇന്ത്യയില്‍ തുടരണമെങ്കില്‍, നിങ്ങള്‍ ജയ് ശ്രീറാം വിളിക്കണം, രാജ്യദ്രോഹികളെ ഷൂ കൊണ്ട് അടിക്കുക തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് സംഘം മുഴക്കിയത്. ഭാരത് മാതാ കീ ജയ്, വന്ദേമാതരം തുടങ്ങിയ മുദ്രാവാക്യവും സംഘം ഉയര്‍ത്തി.

മുസ്ലീം മിറര്‍ ഡോട്ട് കോം എന്ന വാര്‍ത്താ മാധ്യമമാണ് ചൊവ്വാഴ്ച ട്വിറ്റര്‍ ഹാന്‍ഡില്‍ വീഡിയോ അപ്‌ലോഡ് ചെയ്തത്. സംഘ പരിവാരം വിഷലിപ്തമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ സാമൂഹിക മാധ്യമങ്ങളില്‍ ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഘ പരിവാരത്തിനെതിരേയും അത്തരമൊരു കാര്യം അനുവദിച്ചതിന് ഭരണകൂടതത്തിനുമെതിരേ ട്വിറ്ററില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

പ്രാദേശിക ബിജെപി നേതാവ് പിങ്കല്‍ പാട്യ, ഗോരക്ഷാ ദളിന്റെ ജില്ലാ തലവന്‍ പ്രകാശ് രാജ്പുത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ് അലങ്കോലമാക്കിയത്.

പുതുതായി നിര്‍മ്മിച്ച റെസ്‌റ്റോറന്റിന് അരികില്‍ താമസിക്കുന്ന ഡോ. ശൈലേഷ് ഷായാണ് ഹിന്ദുത്വരെ സംഘടിപ്പിച്ചത്. റസ്‌റ്റോറന്റ് പണിയുന്ന വേളയില്‍ സ്ഥലത്തിന്റെ ചില ഭാഗങ്ങള്‍ ഉടമകള്‍ അനധികൃതമായി കൈയേറിയതാണെന്ന് ആരോപിച്ച് ഇയാള്‍ ആനന്ദ്‌വല്ലഭ വിദ്യാനഗര്‍കരംസാദ് അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയെ (എവികുയുഡിഎ) സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഹരജി എവികുയുഡിഎ തള്ളുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

റസ്‌റ്റോറന്റ് നിര്‍മാണം പൂര്‍ത്തിയായതോടെ ഡോ. ഷാ വിഷയത്തില്‍ വര്‍ഗീയ നിറം നല്‍കുകയായിരുന്നു. തീവ്രഹിന്ദുത്വ സംഘടനകളില്‍ നിന്നും ബിജെപി നേതാക്കളില്‍ നിന്നും അദ്ദേഹത്തിന് പിന്തുണ ലഭിക്കുകയും ചെയ്തു. മുസ്ലീങ്ങള്‍ 'ലാന്‍ഡ് ജിഹാദില്‍' മുഴുകുകയാണെന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് റസ്‌റ്റോറന്റ് തുറക്കുന്നുവെന്നും അവര്‍ പ്രചരിപ്പിച്ചു. തങ്ങളുടെ പ്രചാരണം കൂടുതല്‍ ശക്തമാക്കാന്‍ അവര്‍ ഗുജറാത്തി ഭാഷയിലുള്ള ലഘുലേഖകളും വിതരണം ചെയ്തു.

സംഘപരിവാരത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് റസ്‌റ്റോറന്റ് ഉടമകള്‍ ഉദ്ഘാടന ചടങ്ങ് മാറ്റിവച്ചു. സംഭവത്തില്‍ ശൈലേഷ് ഷായ്ക്കും പിങ്കല്‍ പാട്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ജംഇയത്തുല്‍ ഉലമാ എ ഹിന്ദ് പോലിസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. ഒക്‌ടോബര്‍ 25ന് ഹൈക്കോടതി വിഷയം കേള്‍ക്കുകയും ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ എവികുയുഡിഎയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.28നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Similar News