ത്രിപുരയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 86 ശതമാനം സീറ്റിൽ ബിജെപിക്ക് എതിരില്ല

ആകെ 6,111 പഞ്ചായത്ത് സീറ്റുകളില്‍ 5,300ലധികം സീറ്റുകളില്‍ ബിജെപി വിജയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോർട്ട് ചെയ്യുന്നു.

Update: 2019-07-15 05:48 GMT

അഗര്‍ത്തല: ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 86 ശതമാനം സീറ്റുകളില്‍ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശപ്പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിനം കഴിഞ്ഞതിന് പിന്നാലെയാണ് ഭൂരിഭാഗം ഇടങ്ങളിലും ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 6,111 പഞ്ചായത്ത് സീറ്റുകളില്‍ 5,300ലധികം സീറ്റുകളില്‍ ബിജെപി വിജയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോർട്ട് ചെയ്യുന്നു.

27ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ 306 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 419 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 56 എണ്ണത്തിലാണ് ഇടതു സ്ഥാനാര്‍ഥികളുള്ളത്. ജില്ലാ പരിഷത്തിൽ 116 സീറ്റുകളില്‍ 67 ഇടത് സ്ഥാനാർഥികളും മത്സരിക്കുന്നുണ്ട്.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് പ്രതിപക്ഷ പാർട്ടി സ്ഥാനാര്‍ഥികളെ ബിജെപി തടഞ്ഞതായും സിപിഎം പ്രസ്താവനയില്‍ ആരോപിച്ചു. ബിജെപി ഗുണ്ടകളിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് 121 നോമിനികൾ നാമനിർദേശ പത്രിക പിൻവലിക്കാൻ നിർബന്ധിതരായി. ഗുണ്ടകൾ തെരഞ്ഞെടുപ്പ് ഓഫീസുകൾക്ക് മുന്നിൽ തമ്പടിച്ചിരുന്നു. മിക്ക സ്ഥലങ്ങളിലും പോലീസ് കാഴ്ചക്കാരായിരുന്നെന്നും സിപിഎം ആരോപിക്കുന്നു.

അതേസമയം തെരഞ്ഞെടുപ്പ് അതിക്രമങ്ങളെക്കുറിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. 27ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പോരാടുമെന്നും ജനാധിപത്യത്തിനെതിരായ ഈ ആക്രമണം ചെറുക്കുമെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു.

ബംഗാളിന് പിന്നാലെ ത്രിപുരയിലും സിപിഎം സമ്പൂർണ തകർച്ചയിലേക്ക് നീങ്ങുന്നതായുള്ള റിപോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിജെപി രാജ്യത്ത് സമഗ്രാധിപത്യം ഉറപ്പാക്കുവാനുള്ള നീക്കങ്ങൾ സജീവമാക്കിയതിന് പിന്നാലെ പുറത്തുവരുന്ന വാർത്തകൾ ഏറെ ഞെട്ടിക്കുന്നതാണ്. ബംഗാളിൽ 107 എംഎൽഎമാർ ബിജെപിയിലേക്ക് എത്തുമെന്ന് മുഗുൾ റോയ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നു.   

Tags:    

Similar News