ഏക സിവില്‍ കോഡും എന്‍ആര്‍സിയും നടപ്പാക്കും; കര്‍ണാടകയില്‍ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി പ്രകടന പത്രിക

Update: 2023-05-01 16:06 GMT

ബെംഗളൂരു: ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനവുമായി ബിജെപി കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കി. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുമെന്നുമാണ് വാഗ്ദാനം. ബിജെപി പ്രജാ പ്രണാലിക് എന്ന പേരിലുള്ള പ്രകടന പത്രിക ദേശീയ പ്രസിഡന്റ് ജെപി നദ്ദയാണ് ബെംഗളൂരുവില്‍ പ്രകാശനം ചെയ്തത്. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, മുതിര്‍ന്ന നേതാവ് ബി എസ് യെദിയൂരപ്പ തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും അതിവേഗം നാടുകടത്തുന്നത് ഉറപ്പാക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമെന്നായിരുന്നു പ്രഖ്യാപനം. വികസിത കര്‍ണാടകത്തിനായുള്ള ദര്‍ശന രേഖയാണ് പ്രകടനപത്രികയെന്ന് വിശേഷിപ്പിച്ച ജെ പി നദ്ദ, ഭക്തര്‍ക്ക് ക്ഷേത്രഭരണത്തിന്റെ സമ്പൂര്‍ണ സ്വയംഭരണം നല്‍കുന്നതിന് ഒരു സമിതിയുണ്ടാക്കുമെന്നും വ്യക്തമാക്കി. സുസ്ഥിരമായ ക്ഷേത്ര സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള പ്രാദേശിക ബിസിനസുകളെ നിയന്ത്രിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. ക്ഷേത്ര പരിസരത്ത് കടകള്‍ നടത്തുന്നതില്‍ നിന്ന് മുസ് ലിംകളെ വിലക്കണമെന്ന് കുറച്ചുകാലമായി ഹിന്ദുത്വ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം നടപ്പാക്കുമെന്നാണ് ബിജെപിയുടെ പ്രകടന പത്രികയില്‍ പറയുന്നത്. അന്ന (ഭക്ഷ്യസുരക്ഷ), അഭയ (സാമൂഹിക ക്ഷേമം), അക്ഷര (വിദ്യാഭ്യാസം), ആരോഗ്യ (ആരോഗ്യം), അഭിവൃദ്ധി (വികസനം), ആദായ (വരുമാനം) എന്നിങ്ങനെ ആറ് തലങ്ങളിലാണ് ബിജെപി പ്രകടന പത്രിക വിഭജിച്ചിരിക്കുന്നത്. പോഷന്‍ യോജന പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിദിനം അര ലിറ്റര്‍ നന്ദിനി പാല്‍ നല്‍കുമെന്നും വാഗ്ദാനത്തിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി ഡയറി ബ്രാന്‍ഡിനെ ഗുജറാത്തിലെ അമുലുമായി ലയിപ്പിക്കാനുള്ള പദ്ധതി ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു നീക്കം എന്നതും ശ്രദ്ധേയമാണ്. യുഗാദി, ഗണേശ ചതുര്‍ത്ഥി, ദീപാവലി മാസങ്ങളില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. നിലവില്‍ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണാടകയില്‍ ഇത്തവണ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് ഈയിടെ പുറത്തിറങ്ങിയ സര്‍വേകളെല്ലാം വ്യക്തമാക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ചലനം സൃഷ്ടിക്കുമെന്ന് കരുതുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ എന്തുവില കൊടുത്തും ജയിക്കാന്‍ വേണ്ടിയാണ് ബിജെപി ധ്രൂവീകരണ ആശയങ്ങള്‍ നടപ്പാക്കുന്നതെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിനിടെയാണ് പ്രകടന പത്രികയില്‍ ഹിന്ദുത്വ സംഘടനകളുടെ ആവശ്യങ്ങള്‍ക്കെല്ലാം മുന്‍തൂക്കം നല്‍കിയുള്ള വാഗ്ദാനങ്ങള്‍ കുത്തിനിറച്ചിട്ടുള്ളത്.

Tags:    

Similar News