ബെംഗളൂരു ഈദ്ഗാഹ് മൈതാനിയിലും അവകാശ വാദം; ജൂണ്‍ 21ന് മൈതാനിയില്‍ യോഗാദിനം ആചരിക്കുമെന്ന് ഹിന്ദുത്വര്‍

Update: 2022-06-10 09:50 GMT

ബെംഗളൂരു: ബാംഗ്ലൂര്‍ കോര്‍പറേഷന്‍ അധികൃതര്‍ അവകാശ വാദം ഉന്നയിച്ച ചാംരാജ്‌പേട്ട് ഈദ്ഗാഹ് മൈതാനിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതി തേടി ഹിന്ദുത്വ സംഘടനകള്‍. ശ്രീ രാം സേന, ഹിന്ദു സനാതന്‍ പരിഷത്ത് എന്നീ സംഘപരിവാര്‍ അനുകൂല സംഘടകളാണ് മൈതാനിയില്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്.

ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് തര്‍ക്ക സ്ഥലത്ത് പരിപാടി സംഘടിപ്പിക്കാന്‍ ശ്രീരാം സേന ബിബിഎംപിയോട് അനുമതി തേടി. ആഗസ്ത് 15ന് സ്വാതന്ത്ര്യദിനാഘോഷം നടത്താന്‍ അനുവദിക്കണമെന്ന് ഹിന്ദു സനാതന്‍ പരിഷത്ത് ബിബിഎംപിയോട് അഭ്യര്‍ത്ഥിച്ചു. മറ്റ് നിരവധി സംഘടനകളും സമാനമായ അപേക്ഷകള്‍ പൗരസമിതിയോട് ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പതിറ്റാണ്ടുകളായി വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഈദ്ഗാഹ് മൈതാനിയാണ് ബിബിഎംപി തങ്ങളുടെ ഭൂമിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഹിന്ദുത്വ സംഘടനകളും പരിപാടി നടത്താന്‍ അനുമതി തേടുകയായിരുന്നു. കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേറിയതിന് ശേഷം രൂക്ഷമായ ധ്രുവീകരണ ശ്രമങ്ങളുടെ ഭാഗമാണ് നിലവിലെ സംഭവവികാസങ്ങളും.

Tags: