ബംഗാളില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥി നേതാവ് അനീസ് ഖാന്റെ സഹോദരനെ അജ്ഞാതര്‍ ആക്രമിച്ചു, ഗുരുതര പരിക്ക്

വെള്ളിയാഴ്ച രാത്രി ശുചിമുറിയില്‍ പോവാനായി വീടിനു പുറത്തേക്കിറങ്ങിയപ്പോള്‍ പിന്നില്‍ നിന്ന് ഒരു സംഘം പെട്ടെന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് സല്‍മാന്റെ ഭാര്യ ഹൊസെനാര ഖാത്തൂന്‍ പറഞ്ഞു.

Update: 2022-09-10 17:49 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ വിദ്യാര്‍ത്ഥി നേതാവ് അനിസ് ഖാന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്തുള്ള പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ കസിന്‍ സഹോദരന്‍ സല്‍മാന്‍ ഖാന് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.

അമിത രക്തസ്രാവത്തെതുടര്‍ന്ന് സല്‍മാനെ ആദ്യം ബഗ്‌നാന്‍ റൂറല്‍ ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ പിന്നീട് ഉലുബേരിയ സബ് ഡിവിഷന്‍ ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച രാത്രി ശുചിമുറിയില്‍ പോവാനായി വീടിനു പുറത്തേക്കിറങ്ങിയപ്പോള്‍ പിന്നില്‍ നിന്ന് ഒരു സംഘം പെട്ടെന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് സല്‍മാന്റെ ഭാര്യ ഹൊസെനാര ഖാത്തൂന്‍ പറഞ്ഞു. 'മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ട് തലയില്‍ അടിച്ചു, രക്തം വാര്‍ന്നു നിലത്തു വീണു. അതിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടു'- അവര്‍ പറഞ്ഞു.

അനിസ് ഖാന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ത്തിയ തന്റെ ഭര്‍ത്താവിനെ, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധമുള്ള പ്രാദേശിക സംഘങ്ങള്‍ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും ഖാത്തൂന്‍ ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അവര്‍ തന്റെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു.

പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹന്‍സു ഖാനും കൂട്ടാളികളുമാണ് സല്‍മാനെ പ്രധാനമായും ഭീഷണിപ്പെടുത്തിയിരുന്നതെന്ന് നേരത്തേ കൊല്ലപ്പെട്ട അനിസ് ഖാന്റെ പിതാവ് സലീംഖാന്‍ പറഞ്ഞു. ഈ ഭീഷണിയെക്കുറിച്ച് ഞങ്ങള്‍ ലോക്കല്‍ പോലിസിനെ നിരന്തരം അറിയിച്ചു. എന്നാല്‍, പോലിസ് നിഷ്‌ക്രിയമായി തുടരുകയായിരുന്നു അദ്ദേഹം പറഞ്ഞു.

2022 ഫെബ്രുവരി 19ന്, ഹൗറ ജില്ലയോട് ചേര്‍ന്നുള്ള കൊല്‍ക്കത്തയിലെ അംതയിലുള്ള വസതിയില്‍ അനിസ് ഖാനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. യൂണിഫോമില്‍ എത്തിയ പോലീസുകാരാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഗ്യാന്‍വന്ത് സിങ്ങിന്റെ നേതൃത്വത്തില്‍ സംസ്ഥാന പോലീസ് അന്വേഷണം നടത്തുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഒരു ഹോം ഗാര്‍ഡിനെയും സിവില്‍ വോളന്റിയറെയും എസ്‌ഐടി അംഗങ്ങള്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി തള്ളുകയായിരുന്നു. അതിനുശേഷം, സിപിഎമ്മിന്റെ യുവജന വിഭാഗമായ ഡിവൈഎഫ്‌ഐയുടെ സഹായത്തോടെ സല്‍മാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒപ്പ് കാംപയിന്‍ ആരംഭിച്ചിരുന്നു.

Tags:    

Similar News