ഡോക്ടര്‍മാരുടെ സമരം: മമത അയഞ്ഞു; ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും

മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മമത തീരുമാനിച്ചതോടെയാണ് പ്രതിസന്ധി ഒഴിഞ്ഞത്.

Update: 2019-06-17 09:53 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി മമത ബാനര്‍ജി ചര്‍ച്ച നടത്തും. ഓരോ മെഡിക്കല്‍ കോളജില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും.സമരം ചെയ്യുന്ന ഡോക്ടര്‍മാരെ സര്‍ക്കാര്‍ ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. നേരത്തേ, മാധ്യമങ്ങള്‍ക്കു മുമ്പിലാവണം ചര്‍ച്ചയെന്ന് സമരക്കാര്‍ ആവശ്യപ്പെടുകയും മമത ഇക്കാര്യം നിരാകരിക്കുകയും ചെയ്തതോടെ ചര്‍ച്ച വഴി മുട്ടിയിരുന്നു. ഒടുവില്‍ ഒടുവില്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മമത തീരുമാനിച്ചതോടെയാണ് പ്രതിസന്ധി ഒഴിഞ്ഞത്.

കൊല്‍ക്കത്തയില്‍ കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബംഗാളില്‍ ഒരാഴ്ചയിലേറെയായി ഡോക്ടര്‍മാര്‍ സമരത്തിലാണ്. സമരത്തിന് ഐഎംഎ പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിഷേധം എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ പണിമുടക്ക് നടക്കുകയാണ്. കേരളത്തിലടക്കം ഡോക്ടര്‍മാരുടെ പണിമുടക്ക് രോഗികളെ ഏറെ വലച്ചു.

സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് രാജ്യവ്യാപകമായി ആരോഗ്യമേഖലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം ഉള്‍പ്പെടെ ഉള്ള അവശ്യ സേവനങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദ്യം പണിമുടക്കില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ തീരുമാനം പിന്നീട് മാറ്റുകയും 12 മണി മുതല്‍ സമരം ആരംഭിക്കുകയും ചെയ്തു. അതേ സമയം സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി നാളെ പരിഗണിക്കും.

Tags:    

Similar News