ബംഗ്ലാദേശിലേക്ക് തള്ളിവിട്ട ബംഗാള്‍ സ്വദേശികളെ പോലിസ് തിരികെ കൊണ്ടുവന്നു

Update: 2025-06-16 13:37 GMT
ബംഗ്ലാദേശിലേക്ക് തള്ളിവിട്ട ബംഗാള്‍ സ്വദേശികളെ പോലിസ് തിരികെ കൊണ്ടുവന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ബംഗ്ലാദേശിലേക്ക് തള്ളിവിട്ട നാല് ബംഗാള്‍ സ്വദേശികളെ പശ്ചിമ ബംഗാള്‍ പോലിസ് തിങ്കളാഴ്ച (ജൂണ്‍ 16) തിരികെ കൊണ്ടുവന്നു. അവരില്‍ മൂന്നുപേര്‍ മുര്‍ഷിദാബാദ് ജില്ലയിലെ സ്ഥിര താമസക്കാരും മറ്റൊരാള്‍ ബര്‍ധമാന്‍ സ്വദേശിയുമാണ്. ഇന്ത്യന്‍ പൗരന്മാരാണ് അവരെന്ന വസ്തുത നിലനില്‍ക്കെയാണ് നാലുപേരെയും അതിര്‍ത്തി കടത്തിയത്.

രേഖകളില്ലാത്ത ബംഗ്ലാദേശികളാണെന്ന് ആരോപിച്ച് മഹാരാഷ്ട്ര പോലിസ് അടുത്തിടെ പിടികൂടിയ അവരെ പിന്നീട് അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) കൈമാറുകയായിരുന്നു. ബിഎസ്എഫ് അവരെ ബംഗ്ലാദേശ് അതിര്‍ത്തി കടത്തിവിട്ടു.

ഈ വ്യക്തികളുടെ ഇന്ത്യന്‍ പൗരത്വം സ്ഥാപിക്കുന്നതിനായി പ്രാദേശിക അന്വേഷണങ്ങള്‍ നടത്തിയതായി മുര്‍ഷിദാബാദ് പോലിസ് തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. പരിശോധനയ്ക്ക് ശേഷം, പ്രസക്തമായ രേഖകളും പൗരത്വ തെളിവും ബിഎസ്എഫിന് സമര്‍പ്പിച്ചു.

'പിന്നീട്, ബിഎസ്എഫ് ഇന്ന് (ജൂണ്‍ 16, തിങ്കള്‍) ബിജിബി (ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ്) യുമായി അടിയന്തര ഫ്‌ലാഗ് മീറ്റിങ് നടത്തി, ബംഗ്ലാദേശില്‍നിന്ന് നാലുപേരെയും തിരികെ കൊണ്ടുവന്നു. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ ഭാഗത്തുള്ള കൂച്ച് ബിഹാര്‍ പോലിസിന് അവരെ കൈമാറി. അവരെ തിരികെ കൊണ്ടുവരാന്‍ മുര്‍ഷിദാബാദ് ജില്ലാ പോലിസില്‍ നിന്നുള്ള ഒരു സംഘത്തെ ഇതിനകം അയച്ചിരുന്നു. നാളെയോടെ നാലുപേരും സുരക്ഷിതമായി നാട്ടിലേക്കു മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു'-മുര്‍ഷിദാബാദ് പോലിസ് പ്രസ്താവനയില്‍ പറഞ്ഞു. മെഹ്ബൂബ് ഷെയ്ഖ്, നസിമുദ്ദീന്‍ മൊണ്ടല്‍, മിനാറുള്‍ ഷെയ്ഖ്, മുസ്തഫ കമാല്‍ ഷെയ്ഖ് എന്നിവരാണ് തിരികെ കൊണ്ടുവന്ന നാല് വ്യക്തികള്‍.

നാലുപേരില്‍ ഒരാളായ മെഹബൂബ് ശെയ്ഖി(36)ന്റെ പൗരത്വത്തിന്റെ തെളിവുമായി പശ്ചിമ ബംഗാള്‍ പോലിസും കുടിയേറ്റ ക്ഷേമ ബോര്‍ഡും ഇടപെട്ടെങ്കിലും, മഹാരാഷ്ട്ര പോലിസ് കൈമാറിയ ശേഷം അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) അദ്ദേഹത്തെ ബംഗ്ലാദേശ് അതിര്‍ത്തിക്കപ്പുറത്തേക്ക് തള്ളിവിട്ടു എന്ന് നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.


പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഭഗബംഗോളയിലെ മഹിസസ്ഥലി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഹൊസൈന്‍നഗര്‍ ഗ്രാമത്തിലാണ് ശെയ്ഖിന്റെ ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്.

'ശെയ്ഖിന്റെ കുടുംബം ഞങ്ങളെ സമീപിച്ചതിനുശേഷം ഞങ്ങള്‍ മഹാരാഷ്ട്ര പോലിസുമായി ബന്ധപ്പെട്ടു. ആവശ്യമായ എല്ലാ രേഖകളും അവര്‍ക്ക് അയച്ചുകൊടുത്തു. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ പോലും അവര്‍ മെനക്കെട്ടില്ല. ബിഎസ്എഫ് ശെയ്ഖിനെ ബംഗ്ലാദേശിലേക്ക് തള്ളിവിട്ടു'-പശ്ചിമ ബംഗാള്‍ കുടിയേറ്റ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ സമീറുല്‍ ഇസ്‌ലാം പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം മഹാരാഷ്ട്രയിലാണ് ജോലി ചെയ്യുന്നതെന്ന് ശെയ്ഖിന്റെ സഹോദരന്‍ മുജീബുര്‍ പറഞ്ഞു. 'ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍, ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് പോലിസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് കനകിയ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി' മുജീബുര്‍ പറഞ്ഞു.

ശെയ്ഖിന്റെ വോട്ടര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കുടുംബ വംശാവലി എന്നിവയുള്‍പ്പെടെ എല്ലാ രേഖകളും മഹാരാഷ്ട്ര പോലിസിന് അയച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. തലമുറകളായി രജിസ്റ്റര്‍ ചെയ്തതും പഞ്ചായത്ത് സാക്ഷ്യപ്പെടുത്തിയതുമാണ് ഇവ. ശനിയാഴ്ച (ജൂണ്‍ 14) പുലര്‍ച്ചെ 3.30ന് ബിഎസ്എഫ് ബംഗ്ലാദേശിലേക്ക് തന്നെ തള്ളിവിട്ടതായി ശെയ്ഖ് കുടുംബത്തെ വിളിച്ചറിയിക്കുകയായിരുന്നു.

പഹല്‍ഗാം ആക്രമണത്തിനു ശേഷം, ഇന്ത്യയുടെ 'തള്ളിവിടല്‍' തന്ത്രത്തിന്റെ ഭാഗമായി, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ എന്ന് സംശയിക്കപ്പെടുന്ന നൂറുകണക്കിന് ആളുകളെ കിഴക്കന്‍ അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്ക് അയച്ചിരുന്നു.

രാജ്യത്തുടനീളം, രേഖകളില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനായി പോലിസ് പരിശോധനകള്‍ നടത്തിവരുകയാണ്. ആളുകള്‍ ബംഗ്ലാദേശിലേക്ക് തള്ളിവിടപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും സ്വദേശമായ ഇന്ത്യയിലേക്ക് അവരെ തിരികെ കൊണ്ടുപോകാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം മെയ് 8ന് ഇന്ത്യക്ക് ഒരു കത്ത് അയച്ചിരുന്നു.

Similar News