ശ്രീവിദ്യ കാലടി
മേവാത്ത്: പഠിക്കാന്‍ മിടുക്കിയായിരുന്നു അയന, മേവാത്തിലെ ബദക്ലി ചൗക്കിനടുത്തുള്ള, അറ്റേർന സംഷാബാദെന്ന ഗ്രാമത്തിലെ സ്‌കൂളില്‍ ഇരുന്ന് പാഠങ്ങളോരോന്നും മറിക്കുമ്പോള്‍ അവളുടെ ചിന്ത മുഴുവന്‍ തന്റെ വീടും ഗര്‍ഭിണിയായ അമ്മയെ കുറിച്ചുമായിരുന്നു. ക്ലാസിലെ മികച്ച വിദ്യാര്‍ഥിനിയായിരുന്നിട്ടും അയനയ്ക്ക് വിദ്യാഭ്യാസം പാതി വഴിയ്ക്കുപേക്ഷിക്കേണ്ടി വന്നു. കാരണം അവള്‍ക്ക് അവളുടെ അമ്മയെ പരിചരിക്കണമായിരുന്നു. വീട്ടാവശ്യത്തിനുള്ള വെള്ളം ശേഖരിക്കാന്‍ ഒരുപാട് ദൂരം യാത്ര ചെയ്യണമായിരുന്നു.
അതുകൊണ്ടു തന്നെ വീടും മറ്റുത്തരവാദിത്തങ്ങളും പഠനത്തിനു മുന്നില്‍ വിലങ്ങു തടിയായി. പ്രസവത്തെതുടര്‍ന്ന് അമ്മ മരിച്ചതോടെ, മേല്‍ പറഞ്ഞ വെള്ളം ശേഖരിക്കലുള്‍പ്പെടെ എല്ലാ ആവശ്യങ്ങളും അവളുടെ ചുമലിലായി. പിന്നീട് അവളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആരും ആകുലപ്പെട്ടില്ല.
എന്നാല്‍ ഇത് ഒരു അയനയുടെ മാത്രം കഥയല്ല, വെള്ളം വഴിമുടക്കുന്ന പെൺ ജീവിതങ്ങളുടെ ഒരനേകായിരം കഥകൾ പറയാനുണ്ട് ഈ ഗ്രാമത്തിന്. പാഠപുസ്തകം മടക്കിവച്ച് ജീവിതം തിരിച്ചു പിടിക്കാൻ ഇറങ്ങുന്ന ഇവരുടെ പേരു മാത്രമേ മാറുന്നുള്ളൂ. നൂഹ് എന്നറിയപ്പെടുന്ന മേവാത്തിൽ, വെള്ളം വിദ്യാഭ്യാസം നേടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന എണ്ണമറ്റ പെണ്‍കുട്ടികളുടെ വിധിയാണ് അയനയുടെതും. ഇവിടെ, വീട്ടിലെ ആവശ്യങ്ങള്‍ രൂക്ഷമാകുമ്പോള്‍ ആദ്യം സ്‌കൂൾ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നത് പെൺകുട്ടികൾക്കാണ്.
രാജ്യത്തെ ഏറ്റവും വലിയ അവികസിത പ്രദേശങ്ങളിലൊന്നാണ് മേവാത്ത്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശുദ്ധജലം എന്നിങ്ങനെ എല്ലാ അടിസ്ഥാന സൗകര്യങ്ങളിലും മേവാത്ത് പിന്നിലാണ്. 2011 ലെ സെന്‍സസ് അനുസരിച്ച്, മൂന്ന് സംസ്ഥാനങ്ങള്‍ക്ക് (ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്) അധികാരപരിധിയിലുള്ള ഈ മേഖലയിലെ സാക്ഷരതാ നിരക്ക് വെറും 54.08 ശതമാനമാണ്. പുരുഷന്മാരുടെ കാര്യത്തില്‍ ഇത് 69.94 ശതമാനവും സ്ത്രീകളുടെ കാര്യത്തില്‍ ഇത് 36.60 ശതമാനവും ആണ്.
എട്ടാം ക്ലാസ് വരെ ഏതാണ്ട് എല്ലാ പെണ്‍കുട്ടികളും ഇവിടെ സ്‌കൂളില്‍ പോകും. എന്നാല്‍ അതിനപ്പുറം, വിദ്യാഭ്യാസം എന്നത് ചോദ്യചിഹ്നമായി മാറും. 'പെണ്‍മക്കള്‍ വളര്‍ന്നു, അതായത് അവര്‍ക്ക് ആര്‍ത്തവം തുടങ്ങി അതിനാല്‍ അവര്‍ ഇനി സ്‌കൂളില്‍ പോകരുത്' എന്ന് പറഞ്ഞുകൊണ്ട് കുടുംബങ്ങള്‍ പലപ്പോഴും ഈ സംഗതിയെ ന്യായീകരിക്കാറാണ് പതിവ്. എന്നാല്‍, ജല ദര്‍ലഭ്യം പ്രദേശത്തെ പെണ്‍കുട്ടികളുടെ ഭാവി നിര്‍ണയിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി എന്നതാണ് യാഥാര്‍ഥ്യം.
നൂഹിലെ ആറ്റേർനയിലെ വാല്‍മീകി ഗ്രാമത്തിലെ വാട്ടര്‍ ടാപ്പുകള്‍ പലതും ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്‌കൂളിലൊന്നും ആവശ്യത്തിനു വെള്ളമില്ല. ലഭ്യമാകുന്ന ജലം തന്നെ ടാങ്കില്‍ ശേഖരിക്കുകയാണ് പതിവ്. പൈപ്പ് കണക്ഷനുകളില്‍ വഴി വെള്ളം ലഭിക്കാത്തത് ജലക്ഷാമം രൂക്ഷമാക്കി.
"സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒരു പ്രത്യേക ടാങ്ക് ജലം എന്ന രീതി അനുവദിച്ചിട്ടില്ല. വേനല്‍ക്കാലത്ത് ടാങ്കറുകള്‍ ആഴ്ചകളോളം വൈകും. ആവശ്യം വളരെ കൂടുതലാണ്. ഒടുവില്‍ വെള്ളം എത്തുമ്പോള്‍, ഞങ്ങള്‍ ബക്കറ്റുകളിൽ കഴിയാവുന്നത്ര എടുക്കും. പിന്നെ എപ്പോൾ അടുത്ത തവണ വെള്ളം കിട്ടും എന്നറിയില്ല " പ്രദേശത്തെ അധ്യാപിക വിശദീകരിച്ചു.
അറ്റേർന സ്‌കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറികള്‍ ഫ്‌ളഷ് ചെയ്യാന്‍ വെള്ളമില്ലാത്തതിനാല്‍ പൂട്ടിയിരിക്കുകയാണ്. ആണ്‍കുട്ടികളുടെ ടോയ്‌ലറ്റുകള്‍ തുറന്നിട്ടിട്ടുണ്ടെങ്കിലും ദുര്‍ഗന്ധം വമിക്കുന്നതും വൃത്തിഹീനമായതുമാണ്.
ഗ്രാമത്തിലെ പൈപ്പുകളിൽ അപൂര്‍വ്വമായി വരുന്ന വെള്ളം ഉപ്പുരസമുള്ള വെള്ളവും കുടിക്കാന്‍ പറ്റാത്തതുമാണ്. 1,500 മുതല്‍ 2,000 രൂപ വരെ വിലയുള്ള ടാങ്കറുകളിലെ വെള്ളം വാങ്ങാൻ മിക്ക കുടുംബങ്ങള്‍ക് കഴിയാത്തതായതിനാല്‍ തന്നെ എത്ര മോശം വെള്ളം ആണെങ്കിലും കുടിക്കാം എന്നതിലേക്ക് ഇവിടുത്തെ ആളുകളുടെ അവസ്ഥ എത്തികഴിഞ്ഞു.
പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍, ഏകദേശം 80 ശതമാനം പെണ്‍കുട്ടികളും വെള്ളം കൊണ്ടു വരാനായി പോകും.ദരിദ്രരാതായതിനാല്‍ പലര്‍ക്കും ടാങ്കര്‍ വെള്ളം വാങ്ങാന്‍ കഴിയില്ല, അതിനാല്‍ ഈ വീടുകളിലെ പെണ്‍കുട്ടികള്‍ ദിവസവും 2 മുതല്‍ 4 കിലോമീറ്റര്‍ വരെ നടക്കുന്നു. രാവിലെ വെള്ളമെടുക്കാന്‍ പോകുന്ന പലരും മടങ്ങിയെത്താന്‍ വൈകുന്നേരമാകും. അതുകൊണ്ടു തന്നെ അവര്‍ക്ക് സ്‌കൂളില്‍ പോകാന്‍ സമയമില്ല.
പെൺകുട്ടികൾക്ക് ആർത്തവ സമയത്ത ശുചിത്വാവശ്യത്തിന് പലപ്പോഴും സ്‌കൂളില്‍ വെള്ളം ഉണ്ടാവുകയില്ല, അതുകൊണ്ടു തന്നെ പലരും ആദ്യ ആര്‍ത്തവം തുടങ്ങിയാല്‍ പിന്നെ വിദ്യാഭ്യാസം പൂര്‍ണമായും അവസാനിപ്പിക്കുന്നു.
അതേസമയം, മേവാത്തിലെ 100 ശതമാനം വീടുകളിലും സ്‌കൂളുകളിലും ഹര്‍ ഘര്‍ ജല്‍ യോജന പ്രകാരം പൈപ്പ് വെള്ളമുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ അതിനെ കുറച്ച് ചോദിച്ചാല്‍ നാട്ടുകാര്‍ പ്രകോപിതരാകും എന്നതാണ് വാസ്തവം.
ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ',എന്നു കേള്‍ക്കുമ്പോള്‍ നല്ലതായി തോന്നുമെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ അതൊരു നുണയാണെന്ന് ഇവിടുത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഗ്രാമത്തിലെ ഒരു ആക്ടിവിസ്റ്റായ മുബാറക്, ടാപ്പുകളിലേക്ക് വിരൽ ചൂണ്ടി പറഞ്ഞത്, 'മാലിന്യം നിറഞ്ഞ ഒരു വൃത്തികെട്ട അഴുക്കുചാലിലൂടെ ഒഴുകുന്ന ഒരു പൈപ്പാണിത്. നിരവധി പൈപ്പുകള്‍ പൊട്ടിയിരിക്കുകയാണ്. അഴുക്കുചാലില്‍ നിന്നുള്ള മലിനജലം അവയിലേക്ക് ഒഴുകുന്നു. ഇതാണ് ആളുകള്‍ കുടിക്കാന്‍ പോകുന്നത്.'
50 വയസ്സുള്ള, മുന്‍ ഗ്രാമപഞ്ചായത്ത് (ഗ്രാമ കൗണ്‍സില്‍) അംഗമായ ബര്‍കാതി പറഞ്ഞത്, 'വൈദ്യുതിയും വെള്ളവുമില്ല. സ്‌കൂളുകളിലും ഒന്നുമില്ല. നമ്മുടെ പെണ്‍കുട്ടികള്‍ വെള്ളത്തിനായി വളരെ ദൂരം പോകണം. ടോയ്‌ലറ്റുകളില്ല. വെള്ളമില്ല. സൗകര്യങ്ങളില്ല. അതുകൊണ്ടാണ് അവര്‍ വിദ്യാഭ്യാസമില്ലാതെ തുടരുന്നത്.' എന്നാണ്.
'ജല ദൗര്‍ലഭ്യം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ നേരിട്ട് ബാധിക്കുന്നു. അവര്‍ ദിവസം മുഴുവന്‍ വെള്ളം കൊണ്ടുവരാനായി പരിശ്രമിക്കുന്നു. . പഠിക്കാന്‍ സമയമില്ല,100 ശതമാനം വീടുകളിലും വെള്ളമുണ്ടെന്ന് സര്‍ക്കാര്‍ ഡാറ്റ പറയുന്നു. എന്നാല്‍ വാസ്തവത്തില്‍ അതെല്ലാം കെട്ടുകഥയാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2001ല്‍, ഗസേര പോലുള്ള ഗ്രാമങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനായി 450 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ പൈജല്‍ ബധോത്രി യോജന ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് 2006 വരെ നീണ്ടുനിന്നു. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഇതിന്റെ വിതരണം കുറഞ്ഞു കുറഞ്ഞു വന്നു.
ഫിറോസ്പൂര്‍ ജിര്‍ക്കയിലെ ചക് രംഗല ഗ്രാമത്തില്‍, 40 വയസ്സുള്ള സറീന തന്റെ പെണ്‍മക്കളെക്കുറിച്ച് സംസാരിച്ചവസാനിപ്പിച്ചത് ഇങ്ങനെ,
'അവരുടെ സ്‌കൂള്‍ 12 കിലോമീറ്റര്‍ അകലെയാണ്. അവര്‍ വെള്ളക്കുപ്പികള്‍ കൊണ്ടുപോകും, പക്ഷേ ഒരു മണിക്കൂറിനുള്ളില്‍ അവ കാലിയാകും. വേനല്‍ക്കാലത്ത് അവര്‍ക്ക് ദാഹവും ക്ഷീണവും കൂടുതല്‍ ഉണ്ടാകും. അവര്‍ എന്നോട് ചോദിക്കും, അമ്മേ, കുടിവെള്ളമോ വാഷ്‌റൂമുകളില്‍ വെള്ളമോ ഇല്ലാത്തപ്പോള്‍ ഞങ്ങള്‍ എങ്ങനെ സ്‌കൂളില്‍ പോകും?'
സ്കൂൾ സമയങ്ങളിൽ കുട്ടികൾ കുടിവെള്ളം എങ്ങനെ ശേഖരിക്കുന്നുവെന്ന് അധ്യാപകർ വിശദീകരിച്ചു. "ഗേറ്റിനടുത്തുള്ള ഒരു ടാങ്കിൽ നിന്ന് ഞങ്ങൾ ബക്കറ്റിൽ വെള്ളം കൊണ്ടുപോയി ഒരു കാനിലേക്ക് ഒഴിക്കും. കുട്ടികൾക്ക് ആകെ ഈ വെള്ളം മാത്രമാണ് കിട്ടുക. ചിലപ്പോഴൊക്കെ ആ ഇത്തിരി വെള്ളത്തിനു വേണ്ടി അവർ തമ്മിൽ വഴക്കിടും ' .
ഔദ്യോഗിക കണക്കുകൾ പ്രകാരം അറ്റേർനയിൽ 332 വീടുകളിൽ പൈപ്പ് വാട്ടർ കണക്ഷനുകൾ ഉണ്ട്. എന്നാൽ ഇവിടെ കുടിക്കാൻ പോയിട്ട് ഒന്നു നുണയാൻ പോലും വെള്ളമില്ല.
സർക്കാർ വാഗ്ദാനം ചെയ്തത് വെറും മുദ്രാവാക്യം മാത്രമായിരുന്നു എന്ന് ഇവിടുത്തെ പൊട്ടി കിടക്കുന്ന പൈപ്പുകളോരോന്നും സാക്ഷ്യപ്പെടുത്തും
ഫിറോസ്പൂർ ജിർക്കയിലെ അൽ-ഖൈർ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകനായ സാക്കിർ ഹുസയ്ൻ പറയുന്നത് തന്റെ സംഘടന ജല ദൗർലഭ്യം പപരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നാണ്. 150-ലധികം ജല പദ്ധതികൾ നടപ്പിലാക്കിയതായും, മദ്രസകളിൽ ആർഒ സംവിധാനങ്ങൾ സ്ഥാപിച്ചതായും, ശുചിമുറികൾ നിർമ്മിച്ചതായും, ശുദ്ധജലം നൽകുന്നതായും അവർ പറയുന്നു.
ഒരുകാലത്ത് നിരവധി കിണറുകൾ ഉണ്ടായിരുന്ന ഘസേര ഗ്രാമത്തിൽ, ഒന്നും അവശേഷിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.
നൂഹിലെ കോൺഗ്രസ് എംഎൽഎ അഫ്താബ് അഹമ്മദ് 100 ശതമാനം പൈപ്പ് വെള്ളമെന്ന സർക്കാർ അവകാശവാദം തെറ്റാണെന്ന് സമ്മതിച്ചു. "ഞാൻ ഇവിടത്തെ പ്രശ്നം സഭയിൽ ഉന്നയിച്ചു. അതല്ലാതെ എനിക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക?" അദ്ദേഹം ചോദിക്കുന്നു.
അറ്റേർനയിലെ വാൽമീകി ഗാവിലെ ഗ്രാമത്തിൽ പല വീടുകളിലും പൈപ്പ് കണക്ഷൻ കാണാം. എന്നാൽ അവയിൽ ഒന്നും പ്രവർത്തനക്ഷമമല്ല. പലതും പൊട്ടി പൊളിഞ്ഞ നിലയിലുമാണ്. ഗ്രാമത്തിലെ അഴുക്കുചാലുകൾ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.
"കഴിഞ്ഞ വർഷം അവർ ഈ ടാപ്പുകൾ സ്ഥാപിച്ചു. ശുദ്ധജലം നൽകുമെന്ന് അവർ വാഗ്ദാനം ചെയ്തു. കുറച്ച് ദിവസത്തേക്ക് ഉണ്ടായി. പിന്നീട് അത് നിലച്ചു. സർക്കാർ ഞങ്ങൾക്ക് ഒന്നും തന്നിട്ടില്ല. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. ഞങ്ങൾക്ക് വേണ്ടത്, ഞങ്ങളുടെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ശുദ്ധജലം, പ്രവർത്തിക്കുന്ന ടാപ്പുകൾ,നല്ലറോഡുകൾ എന്നിവയാണ്." ഒരു സ്ത്രീ പറഞ്ഞു.
"ഇവിടെ വെള്ളം വേണമെങ്കിൽ പണം കൊടുത്ത് വാങ്ങണം. അതിനു കഴിയുന്നില്ലെങ്കിൽ ദാഹിച്ചു നിൽക്കുക, അത്രേ ഉള്ളൂ " എന്ന് മറ്റൊരു സ്ത്രീ പറഞ്ഞു.
"ഓരോ 38 മണിക്കൂറിലും ഒരു ടാങ്കർ വരും. പക്ഷേ , ആ വെള്ളം ലഭിക്കാൻ ഞങ്ങൾ ഒരു ദിവസം മുഴുവൻ മുൻകൂട്ടി കാത്തിരിക്കണം. വേനൽക്കാലത്ത്, 15 ദിവസം മുമ്പ് ഞങ്ങൾ അതിനായി അഭ്യർഥിക്കണം,ഞങ്ങൾ തൊഴിലാളികളാണ്. ഞങ്ങൾ എങ്ങനെ അതിജീവിക്കും? ഞമ്മൾ എന്ത് കഴിക്കും, എന്ത് കുടിക്കും, ഞങ്ങളുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കും? സ്വന്തമായി ഭൂമി പോലുമില്ല. പക്ഷേ, വെള്ളം കിട്ടിയാൽ ഞങ്ങളുടെ പകുതിയിലേറെ പ്രശ്നങ്ങൾ അവസാനിക്കും. ചിലപ്പോൾ എല്ലാ പ്രശ്നവും! വെള്ളത്തേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല" അവർ പറയുന്നു.
(കടപ്പാട് : സ്നോബർ, Two Circles. net )

