വാഹനാപകടത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് പരിക്ക്; സഹതാപവോട്ട് തട്ടാനുള്ള നാടകമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വ്യാജ അപകടമുണ്ടാക്കി വോട്ട് തട്ടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് തൃണമൂല്‍ ആരോപിച്ചു.

Update: 2019-05-04 17:00 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബോണ്‍ഗാവില്‍ ബിജെപി ലോക്‌സഭാ സ്ഥാനാര്‍ഥി ശാന്തനു താക്കൂര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ഇദ്ദേഹം സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പോലിസ് സ്റ്റിക്കര്‍ ഒട്ടിച്ച വാഹനമാണ് അപകടമുണ്ടാക്കിയതെന്നും ഇദ്ദേഹത്തിന്റെ മാതാവ് ആരോപിച്ചു.

എന്നാല്‍, ബിജെപിയുടെ അവകാശവാദത്തെ തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വ്യാജ അപകടമുണ്ടാക്കി വോട്ട് തട്ടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് തൃണമൂല്‍ ആരോപിച്ചു.സഹതാപവോട്ട് നേടാനായി ബിജെപി കരുതിക്കൂട്ടി നടത്തിയ അപകടമാണ് ശാന്തനു താക്കൂറിന്റേതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യുപി നമ്പര്‍പ്ലേറ്റ് ഉള്ള ഒരു വാഹനം അവിടെയുണ്ടായിരുന്നുവെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വോട്ടര്‍വാര്‍ക്ക് പണം വിതരണം ചെയ്യുകയായിരുന്നു ഇവര്‍. ഈ വാഹനം അര്‍ധസൈനികരുടെ കാറില്‍ ഇടിക്കുകയായിരുന്നുവെന്നും പോലിസ് വാഹനം അവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശാന്തനു താക്കൂറിന് പരിക്കില്ലെന്ന് ബോങ്കാവ് ആശുപത്രി സൂപ്രണ്ട് തന്നോട് പറഞ്ഞുവെന്നും പരിക്കേറ്റുവെന്ന് വ്യാജേന ആശുപത്രിയില്‍ തുടരുകയാണ് ബിജെപി നേതാവ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹതാപ വോട്ടിലാണ് ശാന്തനുവിന്റെ കണ്ണ്. എന്നാല്‍ ഇത് നടപ്പാവില്ല. മൂന്നുലക്ഷം വോട്ടിന് ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News