മലയാളി ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

Update: 2022-04-29 16:10 GMT

തിരുവനന്തപുരം: റെയില്‍വേയുടെ മലയാളി ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചു. ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ലിതാരയ്ക്കുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതായി കത്തില്‍ പറയുന്നു.

ലിതാരയുടെ മരണത്തില്‍ കോച്ചിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലിതാരയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പാറ്റ്‌ന പോലിസിനും നേരത്തെ പരാതി നല്‍കിയിരുന്നു. കോച്ച് രവി സിംഗ് ലിതാരയോട് അപമര്യാദയായി പെരുമാറിയിരുന്നെന്നും, മാനസികമായി പീഡിപ്പിച്ചിരുന്നെന്നും കാട്ടിയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ലിതാരയുടെ നിലവിലെ കോച്ച് രവി സിംഗ് കൊല്‍ക്കത്തയില്‍ പരിശീലനത്തിനിടെ അപമര്യാദയായി പെരുമാറിയെന്നും, ലിതാര അപ്പോള്‍ എതിര്‍ത്തെന്നും ബന്ധുക്കള്‍ പറയുന്നു. കോച്ച് നിരന്തരം ശല്യം ചെയ്യുകയാണെന്ന് ലിതാര നേരത്തെ പറഞ്ഞിരുന്നെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയിലുണ്ട്. പാട്‌ന ഗാന്ധി നഗറിലെ ഫ്‌ലാറ്റിലാണ് ലിതാരയെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ പാട്‌നയില്‍ എത്തും മുന്‍പേ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിലും ബന്ധുക്കള്‍ ദുരൂഹതയാരോപിക്കുന്നു. റീ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

Tags: