പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ 15 മാസം പ്രായമുള്ള ആദിഷയാണ് മരിച്ചത്. കുഞ്ഞ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കൊലപാതകത്തിലേക്ക് പോലിസ് വിരല്‍ചൂണ്ടുന്നത്.

Update: 2019-04-28 07:52 GMT

ആലപ്പുഴ: ചേര്‍ത്തലയില്‍ പിഞ്ചുകുഞ്ഞിനെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയം ഉയരുന്നു. പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ 15 മാസം പ്രായമുള്ള ആദിഷയാണ് മരിച്ചത്. കുഞ്ഞ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കൊലപാതകത്തിലേക്ക് പോലിസ് വിരല്‍ചൂണ്ടുന്നത്. കുഞ്ഞിന്റെ മാതാപിതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുശേഷം ഇവരെ ചോദ്യംചെയ്യും. കുട്ടിയുടെ മരണം സ്വാഭാവിക മരണമല്ലെന്ന നിഗമനത്തിലാണ് പോലിസ്. ഡോക്ടര്‍മാരും ഇതേ അഭിപ്രായമാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പോലിസിന് ലഭിച്ചിട്ടില്ല. മാതാപിതാക്കള്‍ക്കോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലുമോ മരണത്തില്‍ പങ്കുണ്ടോയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണത്തില്‍നിന്ന് മാത്രമേ വ്യക്തമാവുകയുള്ളൂ. വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയിലെത്തിച്ചവര്‍ ഡോക്ടര്‍മാരെ അറിയിച്ചത്. ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കുട്ടിയെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ കൊണ്ടുവന്നത്.

എന്നാല്‍, ആശുപത്രിയിലെത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു. മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പോലിസെത്തി വിശദമായ പരിശോധന നടത്തി. പോലിസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ ഒരു പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. പട്ടണക്കാട് പോലിസ് കുട്ടിയുടെ വീടിന്റെ പരിസരത്തും വിശദമായ അന്വേഷണം നടത്തി. ഉച്ചവരെ കോളനിയില്‍ ഓടികളിച്ചിരുന്ന കുട്ടിയെയാണ് ഒന്നരയോടെ ചലനമറ്റനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News