ബാബരി മസ്ജിദ് കേസിലെ ഹരജിക്കാരനെ വീട്ടില്‍ കയറി ആക്രമിച്ചു; പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

അക്രമികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതായി ഫൈസാബാദ് പോലിസ് സൂപ്രണ്ട് വിജയ് പാല്‍ സിംഗ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ തയ്യാറായില്ലെന്നും സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2019-09-03 17:52 GMT

ലക്‌നൗ: അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസിലെ ഹരജിക്കാരില്‍ പ്രധാനിയായ ഇക്ബാല്‍ അന്‍സാരിയെ ചൊവ്വാഴ്ച അയോധ്യയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ട് പേര്‍ ആക്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരാണ് അക്രമികളില്‍ നിന്ന് ഇക്ബാല്‍ അന്‍സാരിയെ രക്ഷിച്ചത്. പ്രതികളെ പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബാബരി മസ്ജിദിനായി നിയമപോരാട്ടം നടത്തിയവരില്‍ പ്രധാനിയായ ഫൈസാബാദ് സ്വദേശി ഹാഷിം അന്‍സാരിയുടെ മകനാണ് ഇഖ്ബാല്‍ അന്‍സാരി. പിതാവിന്റെ മരണശേഷം ഇഖ്ബാലാണ് നിയമപോരാട്ടം നടത്തുന്നത്.

വര്‍തിക സിംഗ് എന്ന് സ്വയം പരിചയപ്പെടുത്തി യുവതി താന്‍ ഒരു അന്താരാഷ്ട്ര ഷൂട്ടര്‍ ആണെന്ന് പരിചയപ്പെടുത്തിയതായി ഇക്ബാല്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ കൊന്നു കളയുമെന്ന് ഭീഷണപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

വീട്ടിലേക്ക് പ്രവേശിച്ചയുടന്‍ മുത്തലാഖ്, രാമക്ഷേത്ര വിഷയങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങിയ വര്‍തിക, രാമക്ഷേത്രം നിര്‍മാണം വൈകാന്‍ കാരണം താനാണെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നുവെന്ന് ഇഖ്ബാല്‍ പറഞ്ഞു.

അരമണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനിടെ കുടുംബവും അയല്‍വാസികളും ഓടിക്കൂടിയതോടെ യുവതി ശബ്ദമുയര്‍ത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവതി ഇക്ബാല്‍ അന്‍സാരിയെ അക്രമിക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഗാര്‍ഡുകള്‍ ഇടപെട്ട് തടയുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ യുവതി ഈ പ്രദേശത്ത് ചുറ്റിക്കറങ്ങിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.

അതേസമയം, അക്രമികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതായി ഫൈസാബാദ് പോലിസ് സൂപ്രണ്ട് വിജയ് പാല്‍ സിംഗ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ തയ്യാറായില്ലെന്നും സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, 'ഞാന്‍ നിങ്ങളെ അറിയിക്കും' എന്നാണ് മറുപടി നല്‍കിയത്.

ബാബരി ഭൂമി തര്‍ക്ക കേസില്‍ സുന്നി വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് രണ്ട് പേര്‍ക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കിയ ദിവസമാണ് സംഭവം. ഓഗസ്റ്റ് 14 ന് വിരമിച്ച വിദ്യാഭ്യാസ ഓഫിസര്‍ എന്‍ ഷണ്‍മുഖത്തില്‍ നിന്ന് തനിക്ക് ഭീഷണി കത്ത് ലഭിച്ചതായി ധവാന്‍ കഴിഞ്ഞയാഴ്ച നല്‍കിയ ഹരജിയില്‍ പറഞ്ഞു. ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ മുസ്‌ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരാകുന്നതിനെതിരേയായിരുന്നു ഭീഷണി കത്ത്.

Tags:    

Similar News