തുര്‍ക്കിയിലെ ഖനിയില്‍ സ്‌ഫോടനം; 40 പേര്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

കരിങ്കടലിന്റ തെക്കന്‍ തീരദേശ നഗരമായ അമാസ്രയ്ക്ക് സമീപമാണ് അപകടം. ഇന്നലെ സ്‌ഫോടനം നടക്കുമ്പോള്‍ ഖനിയില്‍ 110 പേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയം ഇതില്‍ പകുതിയില്‍ അധികം പേരും 300 മീറ്ററിലും താഴെ ജോലി ചെയ്യുകയായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

Update: 2022-10-15 11:19 GMT

ആങ്കറ: വടക്കന്‍ തുര്‍ക്കിയിലെ ബാര്‍ട്ടിന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 58 തൊഴിലാളികള്‍ക്ക് സ്വയം രക്ഷപ്പെടാന്‍ സാധിച്ചതായി ആഭ്യന്തരമന്ത്രി സുലൈമാന്‍ സൊയ്‌ലു പറഞ്ഞു.

നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുയാണെന്നാണ് റിപോര്‍ട്ടുകള്‍. കരിങ്കടലിന്റ തെക്കന്‍ തീരദേശ നഗരമായ അമാസ്രയ്ക്ക് സമീപമാണ് അപകടം. ഇന്നലെ സ്‌ഫോടനം നടക്കുമ്പോള്‍ ഖനിയില്‍ 110 പേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയം ഇതില്‍ പകുതിയില്‍ അധികം പേരും 300 മീറ്ററിലും താഴെ ജോലി ചെയ്യുകയായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

11 പേരെ രക്ഷപ്പെടുത്തിയതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും തുര്‍ക്കി ആരോഗ്യ മന്ത്രി ഫഹ്‌റെറ്റിന്‍ കോക്ക അറിയിച്ചു.

ഖനിയുടെ അടിയില്‍ കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്താനായി പാറ തുരക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കാണാതായവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളും തങ്ങളുടെ ഉറ്റവര്‍ക്കായി ഖനിയ്ക്ക് സമീപത്തായി തമ്പടിച്ചിരിക്കുകയാണ്. ഏകദേശം 300 മീറ്റര്‍ ആഴത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 300 നും 350 മീറ്ററിനും ഇടയില്‍ ഏറ്റവും അപകടസാധ്യതയുള്ള മേഖലയില്‍ 49 പേര്‍ ജോലി ചെയ്തിരുന്നെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്‌ലു പറഞ്ഞു. ഖനിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ തോതില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നു.

സ്‌ഫോടന കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് പ്രാദേശിക പ്രോസിക്യൂട്ടറുടെ ഓഫിസ് അന്വേഷണം ആരംഭിച്ചു. കല്‍ക്കരി ഖനികളില്‍ സ്‌ഫോടനാത്മക മിശ്രിതം രൂപപ്പെടുന്ന മീഥേന്‍ ഫയര്‍ ഡാംപാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് പ്രാഥമിക സൂചനകളുണ്ടെന്ന് തുര്‍ക്കി ഊര്‍ജ മന്ത്രി അറിയിച്ചു. ഖനിക്കുള്ളില്‍ ഭാഗികമായ തകര്‍ച്ചയുണ്ടായി, എന്നാല്‍ തീപിടുത്തം ഉണ്ടായിട്ടില്ലെന്നും വെന്റിലേഷന്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ചു. രക്ഷപ്പെട്ടവരില്‍ പലര്‍ക്കും ഗുരുതരമായ പരിക്കുകളുണ്ടെന്ന് അമാസ്ര മേയര്‍ റെക്കായ് കാക്കിര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടര്‍ക്കിഷ് ഹാര്‍ഡ് കോള്‍ എന്റര്‍െ്രെപസസിന്റെ ഖനിയിലാണ് അപകടം നടന്നത്. 2014ല്‍ പടിഞ്ഞാറന്‍ പട്ടണമായ സോമയിലുണ്ടായ സ്‌ഫോടനത്തില്‍ 301 പേര്‍ മരിച്ചിരുന്നു.

Tags:    

Similar News