അട്ടിമറി വിരുദ്ധ പ്രതിഷേധത്തെ ചോരയില്‍ മുക്കി മ്യാന്‍മര്‍ സൈന്യം; വെടിവയ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടു

യുഎന്‍ മനുഷ്യാവകാശ ഓഫിസിന് ലഭിച്ച വിശ്വസനീയമായ വിവരമനുസരിച്ച് രാജ്യത്തുടനീളം നടന്ന പ്രതിഷേധ സമരങ്ങള്‍ക്കു നേരെ പോലിസും സൈന്യവും നടത്തിയ വെടിവയ്പില്‍ കുറഞ്ഞത് 18 പേര്‍ കൊല്ലപ്പെടുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Update: 2021-02-28 16:39 GMT

നേപിഡോ: ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിക്കെതിരേ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കുനേരെ സുരക്ഷാ സേന നടത്തിയ മൃഗീയമായ ആക്രമണത്തില്‍ മ്യാന്‍മറിലുടനീളം 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു.

യുഎന്‍ മനുഷ്യാവകാശ ഓഫിസിന് ലഭിച്ച വിശ്വസനീയമായ വിവരമനുസരിച്ച് രാജ്യത്തുടനീളം നടന്ന പ്രതിഷേധ സമരങ്ങള്‍ക്കു നേരെ പോലിസും സൈന്യവും നടത്തിയ വെടിവയ്പില്‍ കുറഞ്ഞത് 18 പേര്‍ കൊല്ലപ്പെടുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

യാങ്കൂണ്‍, ഡാവെ, മാന്‍ഡലെ, മൈക്ക്, ബാഗോ, പോക്കോക്കു എന്നീ നഗരങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. ഗ്രനേയ്ഡുകളും കണ്ണീര്‍വാതകവും ഉള്‍പ്പെടെയുള്ളവയും പ്രക്ഷോഭകാരികള്‍ക്കു നേരേ പ്രയോഗിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി യുഎന്‍ അറിയിച്ചു.

സമാധാനപരമായ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടത്തുന്ന അതിക്രമം ഉടന്‍ അവസാനിപ്പിക്കണമെന്നും വക്താവ് രവിന ഷംദസാനി പറഞ്ഞു. പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ മരണനിരക്കാണ് ഞായറാഴ്ചത്തേത്. ഈ മാസം 1നാണ് മ്യാന്‍മറില്‍ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചത്.

ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂചിയെയും മുതിര്‍ന്ന ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ പട്ടാളം ഒരു വര്‍ഷത്തേക്കു സൈനിക ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. സായുധസേനാ മേധാവിയായ മിന്‍ ഓങ് ലെയ്ങ് ഭരണം ഏറ്റെടുത്തു. ഇതിനെതിരെയാണ് ജനകീയ പ്രക്ഷോഭം.

 

Tags: