അസം പൗരത്വ പട്ടിക ജൂലൈ 31ഓടെ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി
തടസ്സവാദം സംബന്ധിച്ച വാദംകേള്‍ക്കല്‍ ആരംഭിച്ചെങ്കിലും തടസ്സവാദം ഉന്നയിച്ചവരാരും ഹാജരായില്ലെന്ന് കോഓഡിനേറ്റര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രിംകോടതി നിര്‍ദേശം.

ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ(എന്‍ആര്‍സി) അന്തിമ പട്ടിക ജൂലൈ 31ഓടെ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിം കോടതി എന്‍ആര്‍സി കോഓഡിനേറ്റര്‍ പ്രതീക് ഹലേജയോട് ആവശ്യപ്പെട്ടു. തടസ്സവാദം സംബന്ധിച്ച വാദംകേള്‍ക്കല്‍ ആരംഭിച്ചെങ്കിലും തടസ്സവാദം ഉന്നയിച്ചവരാരും ഹാജരായില്ലെന്ന് കോഓഡിനേറ്റര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രിംകോടതി നിര്‍ദേശം.
നിങ്ങളുടെ വിവേചനാധികാരം ഉപയോഗിക്കുക. നിയമത്തെക്കുറിച്ച് ബോധവാനായിരിക്കുക. ജൂലൈ 31ഓട് കൂടി അന്തിമ പട്ടിക പ്രസിദ്ധീകരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുക. സാധ്യമെങ്കില്‍ ഒരു ദിവസം നേരത്തേ. പക്ഷേ ഒരു ദിവസം പോലും വൈകരുത്-സുപ്രിം കോടതി കര്‍ശന നിര്‍ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് പ്രസിദ്ധീകരിച്ച എന്‍ആര്‍സി പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പേര്‍ ഒഴിവാക്കപ്പെട്ടിരുന്നു. അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ നല്‍കാന്‍ ഇവര്‍ക്ക് അവസരം നല്‍കി. പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടവരെക്കുറിച്ച് എതിര്‍വാദം ഉന്നയിക്കാനും അവസരമുണ്ടായിരുന്നു.
ഒഴിവാക്കപ്പെട്ട 40 ലക്ഷം പേരില്‍ 36 ലക്ഷത്തോളം പേര്‍ തങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള രേഖകള്‍ സമര്‍പ്പിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ട 2.89 കോടി പേരില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്കെതിരേ എതിര്‍വാദവും ഉന്നയിക്കപ്പെട്ടു.