1943ല്‍ ഇന്ത്യയില്‍ ജനിച്ചയാളും പ്രാദേശിക ബിജെപി നേതാവും പൗരത്വപട്ടികയില്‍ വിദേശി
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമെങ്ങും നടപ്പാക്കുമെന്ന ബിജെപി അധ്യക്ഷനും ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ പ്രസ്താവന ഭീഷണിയായി നിലനില്‍ക്കേയാണ് ഇത്.
സില്‍ചാര്‍: അസമിലെ ദേശീയ പൗരത്വ രജിസറ്റര്‍ തികച്ചും നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്യുന്നതെന്നതിന് നിരവധി ഉദാഹരണങ്ങള്‍ പുറത്തുവരുന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമെങ്ങും നടപ്പാക്കുമെന്ന ബിജെപി അധ്യക്ഷനും ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ പ്രസ്താവന ഭീഷണിയായി നിലനില്‍ക്കേയാണ് ഇത്.
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനെന്ന പേരിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ ആരംഭിച്ചത്. 1971 മാര്‍ച്ച് 24ന് ശേഷം തങ്ങള്‍ അസമിലാണു താമസിക്കുന്നതെന്നു തെളിയിക്കുന്ന എല്ലാ രേഖകളും സമര്‍പ്പിക്കുന്നവര്‍ക്കു മാത്രമേ എന്‍ആര്‍സിയില്‍ ഇടംപിടിക്കാനാവൂ. എന്നാല്‍, 1943ല്‍ അസമില്‍ ജനിച്ച സുനിര്‍മല്‍ ബാഗ്ചിയും പട്ടിക പ്രകാരം വിദേശിയാണ്. ദക്ഷിണ അസമിലെ സില്‍ചാര്‍ ടൗണില്‍ നിന്നുള്ള ജനന രജിസ്റ്റര്‍ പ്രകാരം ബാഗ്ചി ജനിച്ചത് 1943 സപ്തംബര്‍ 21ന്. എന്നാല്‍, ബാഗ്ചിക്ക് ഇന്ത്യക്കാരനെന്ന് തെളിയിക്കാന്‍ അതൊന്നും പോരെന്നാണ് പട്ടിക പറയുന്നത്.
2018 ജൂലൈയില്‍ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ ബാഗ്ചിയുടെ പേരുണ്ടായിരുന്നു. 3.29 കോടി അപേക്ഷകരില്‍ 40 ലക്ഷത്തോളം പേരെ ഒഴിവാക്കി പ്രസിദ്ധീകരിച്ചതായിരുന്നു പട്ടിക. എന്നാല്‍, 1.02 ലക്ഷം പേരെ കൂടി ഒഴിവാക്കി ഈ ജൂണ്‍ 26ന് പ്രസിദ്ധീകിച്ച അധിക പട്ടികയിലാണ് ബാഗ്ചി പുറത്തായത്. ബാഗ്ചി വിദേശിയാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ജൂലൈ 1ന് പ്രാദേശിക എന്‍ആര്‍സി അധികൃതര്‍ നോട്ടീസും അയച്ചു.
പരാതിയുമായി താല്‍ക്കാലിക എന്‍ആര്‍സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫിസില്‍ ചെന്നപ്പോള്‍ രേഖകളിലൊന്നും തകരാറില്ലെന്ന് കണ്ടെത്തി. ഇക്കാര്യം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ക്ലറിക്കല്‍ തകരാര്‍ ആയിരിക്കുമെന്നാണ് സില്‍ചാറിലെ എന്‍ആര്‍സി നോഡര്‍ ഓഫിസര്‍ റസൂല്‍ മജുംദാറിന്റെ ന്യായം. എന്നാല്‍, വിദേശിയാണെന്ന് മുദ്രകുത്തി നോട്ടീസ് ലഭിച്ച തന്റെ മാനസിക വ്യഥയ്ക്ക് ആര് പരിഹാരം കാണുമെന്നാണ് ബാഗ്ചിയുടെ ചോദ്യം.
ബാഗ്ചിയുടെ മക്കളായ സാംറാട്ടും സുഭരാജും പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ളതാണ് രസകരം. മക്കള്‍ ഇന്ത്യക്കാരാണെന്നിരിക്കേ താന്‍ എങ്ങിനെ വിദേശിയായെന്ന് ബാഗ്ചി ചോദിക്കുന്നു. സമാന ചോദ്യം ഉയര്‍ത്തുന്ന നിരവധി പേര്‍ ഇപ്പോള്‍ അസമിലുണ്ട്.
പൗരന്മാരെ രണ്ടായി തിരിക്കാന്‍ ബിജെപി ദുരുപയോഗം ചെയ്യുന്ന പൗരത്വ രജിസ്റ്റര്‍ പുതുക്കിയപ്പോള്‍ ബിജെപി പ്രാദേശിക നേതാവിനും കുരുക്കായി. പട്ടിക പ്രകാരം പ്രാദേശിക ബിജെപി നേതാവ് പവന്‍ കുമാര്‍ റാഠി വിദേശിയാണ്. പുതുതായി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട 1.02 ലക്ഷം പേരുടെ പട്ടികയിലാണ് റാഠിയുടെ പേര് ഉള്‍പ്പെട്ടത്. രാജസ്ഥാനിലെ ബികാനീറില്‍ നിന്ന് സ്വാതന്ത്ര്യത്തിന് മുമ്പ് രാജസ്ഥാനിലെ സില്‍ചാര്‍ നഗരത്തിലേക്ക് കുടിയേറിവരാണ് റാഠിയുടെ കുടുംബം. നാലു മക്കളില്‍ ഇളയവനായി 1963ല്‍ സില്‍ചാറിലാണ് താന്‍ ജനിച്ചതെന്നും ഇപ്പോള്‍ ലഭിച്ച നോട്ടീസ് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ബൂത്ത് പ്രസിഡന്റായ റാഠി തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ചിട്ടുമുണ്ട്. പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ നാല്‍പ്പതോളം രേഖകള്‍ താന്‍ സമര്‍പ്പിച്ചിരുന്നുവെന്ന് റാഠി പറയുന്നു. റാഠിയുടെ കുടുംബത്തിലുള്ള മറ്റുള്ളവരെല്ലാം പൗരത്വ പട്ടികയിലുണ്ട്. റാഠിക്കെതിരേ വിദേശിയാണെന്നതിന് അസം പോലിസ് അതിര്‍ത്തി വിഭാഗത്തില്‍ കേസൊന്നുമില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. പൗരനല്ലെന്നതില്‍ സംശയം പ്രകടിപ്പിച്ച് അതിര്‍ത്തി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമാണ് ഒരു വ്യക്തിയെ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ വിദേശിയായി പ്രഖ്യാപിക്കുക. ഇത്തരം 100 ട്രിബ്യൂണലുകളാണ് അസമില്‍ ഉള്ളത്. ഇവയില്‍ മിക്കതിലും ബിജെപിയുടെയും ആര്‍എസ്എസിന്റെയും അസം ഗണപരിഷത്തിന്റെയും അനുകൂലികളാണ്. ഇവരില്‍ നിന്നാണ് ബിജെപി നേതാവിന് തന്നെ പണി കിട്ടിയത്.
മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബാംഗങ്ങളും വിമുക്ത ഭടന്‍ മുഹമ്മദ് അസ്മല്‍ ഹഖും പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായത് നേരത്തേ വാര്‍ത്തയായിരുന്നു. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍,സിഖുകാര്‍, ബുദ്ധമതവിശ്വാസികള്‍, ജൈനര്‍, പാഴ്‌സികള്‍, െ്രെകസ്തവര്‍ എന്നിവര്‍ക്കുള്ള ഇന്ത്യന്‍ പൗരത്വത്തില്‍ ഇളവ് വരുത്തിക്കൊണ്ട് പൗരത്വ നിയമത്തില്‍ കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ ഈ വിഭാഗങ്ങളില്‍ പെട്ടവരാണെങ്കില്‍ ശിക്ഷാനടപടികളിലേക്ക് നീങ്ങാതെ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാമെന്നാണ് പുതിയ വ്യവസ്ഥ. ഇത് നടപ്പായാല്‍ പൗരത്വ രജിസ്റ്റര്‍ മുസ്‌ലിംകള്‍ക്ക് മാത്രമുള്ള കുരുക്കായി മാറാനാണു സാധ്യത.

