ഇന്ത്യാക്കാരനെന്ന നിലയില്‍ തനിക്ക് അഭിമാനമില്ല; കശ്മീര്‍ വിഷയത്തില്‍ ആഞ്ഞടിച്ച് അമര്‍ത്യാസെന്‍

ലോകത്ത് ജനാധിപത്യപരമായ മാനദണ്ഡം കൈവരിക്കന്‍ ഒരുപാട് പരിശ്രമിച്ച ഒരു രാജ്യം, ജനാധിപത്യം നടപ്പാക്കിയ ആദ്യ പശ്ചാത്യേതര രാജ്യം തുടങ്ങിയ മേന്മകള്‍ നഷ്ടപ്പെടുന്നതിനാല്‍ ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ഞാനിപ്പോള്‍ അഭിമാനിക്കുന്നില്ല.

Update: 2019-08-20 07:58 GMT

കൊല്‍ക്കത്ത: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്കെതിരേ വിമര്‍ശനുമായി സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യാസെന്‍. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ജമ്മുകശ്മീരിനെ വിഭജിച്ച മോദിസര്‍ക്കാറിന്റെ ഭരണകൂടത്തിന്റെ തീരുമാനത്തെ അദ്ദേഹം വിമര്‍ശിച്ചു. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ തനിക്ക് ഇപ്പോള്‍ അഭിമാനം തോന്നുന്നില്ലെന്ന് അദ്ദേഹം എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. ലോകത്ത് ജനാധിപത്യപരമായ മാനദണ്ഡം കൈവരിക്കന്‍ ഒരുപാട് പരിശ്രമിച്ച ഒരു രാജ്യം, ജനാധിപത്യം നടപ്പാക്കിയ ആദ്യ പശ്ചാത്യേതര രാജ്യം തുടങ്ങിയ മേന്മകള്‍ നഷ്ടപ്പെടുന്നതിനാല്‍ ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ഞാനിപ്പോള്‍ അഭിമാനിക്കുന്നില്ല. ജനാധിപത്യപരമായല്ലാതെ കശ്മീരില്‍ ഒരു പരിഹാരത്തിനും സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന് പുറത്തു നിന്നുള്ളവര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങുന്നത് തടഞ്ഞിരുന്ന ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കിയതിനേയും അദ്ദേഹം വിമര്‍ശിച്ചു. കശ്മീര്‍ കശ്മിരീകളുടേതാണെന്നിരിക്കെ അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അവരാണ്. കശ്മീരി നേതാക്കളെ തടവലിലാക്കിയ നടപടി അംഗീകരിക്കാനാവില്ല. രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയതിനു നല്‍കുന്ന ന്യായീകരണം കൊളോണിയല്‍ യുക്തി മാത്രമാണ്.

    200 കൊല്ലം ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചത് ഇങ്ങനെ പറഞ്ഞുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക വഴി കശ്മീരില്‍ ഉണ്ടായേക്കാവുന്ന 'അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍' സര്‍ക്കാര്‍ നേരത്തെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും അതിനായാണ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയതന്നും അദ്ദേഹം പറഞ്ഞു. കശ്മീരുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടെന്ന് പറയുന്നത് അവിടുത്തെ നാട്ടുകാരുടെ അഭിപ്രായം പരിഗണിക്കാതെയാണ്. മറ്റുള്ള പ്രദേശങ്ങളിലുള്ളവരാണ് കാശ്മീര്‍ നയത്തെ പിന്തുണയ്ക്കുന്നത്. കശ്മീരികള്‍ക്ക് അവരുടെ നാടായതില്‍ അവര്‍ക്ക് അഭിപ്രായം ഉണ്ടാവാനുള്ള അവകാശമുണ്ട്. നേതാക്കളെ അറസ്റ്റ് ചെയ്തും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിയും ജനാധിപത്യം ഉണ്ടാവില്ല. എന്നാല്‍ ജനങ്ങള്‍ അവരുടെ അഭിപ്രായം സ്വതന്ത്ര്യമായി പറയാന്‍ പേടിക്കുന്ന അവസ്ഥയാണുണ്ടായിട്ടുള്ളത്. അങ്ങനെ നീതി നടപ്പാക്കാനോ ജനാധിപത്യം ഉറപ്പുവരുത്താനോ കഴിയില്ല. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ഭൂരിപക്ഷത്തിന്റെ ആധിപത്യം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.



Tags:    

Similar News