കര്‍ണാടകയില്‍ പണച്ചാക്കുമായി ബിജെപി; സര്‍ക്കാരിനു ഭീഷണിയില്ലെന്ന് കുമാര സ്വാമി

ബിജെപിയുടെ മോഹവലയത്തില്‍ കുടുങ്ങി രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ മറുകണ്ടം ചാടിയെങ്കിലും സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് കുമാര സ്വാമി പറഞ്ഞു.

Update: 2019-01-15 11:24 GMT
എച്ച് നാഗേഷ്, ആര്‍ ശങ്കര്‍

ബംഗളൂരു: കര്‍ണാടകയില്‍ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ പണച്ചാക്കുകളുമായി ഇറങ്ങിയ ബിജെപിക്ക് മുന്നില്‍ പതറാതെ മുഖ്യമന്ത്രി കുമാരസ്വാമി. ബിജെപിയുടെ മോഹവലയത്തില്‍ കുടുങ്ങി രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ മറുകണ്ടം ചാടിയെങ്കിലും സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് കുമാര സ്വാമി പറഞ്ഞു.

സര്‍ക്കാരിന് ഇപ്പോഴും ആവശ്യത്തിലേറെ പിന്തുണയുണ്ടെന്ന കാര്യം കുമാരസ്വാമി ചൂണ്ടിക്കാട്ടി. രണ്ടു പേര്‍ പിന്തുണ പിന്‍വലിച്ചതോടെ ബിജെപി-ജെഡിഎസ് സര്‍ക്കാരിന്റെ പിന്തുണ 118ല്‍ നിന്ന് 116 ആയാണ് കുറഞ്ഞത്. കേവല ഭൂരിപക്ഷത്തിന് 113 പേര്‍ മാത്രം മതി. കഴിഞ്ഞ രണ്ട് ദിവസമായി എംഎല്‍എമാരെ ചാക്കിടുന്നതിനെ ചൊല്ലി ഭരണ, പ്രതിപക്ഷ കക്ഷികള്‍ ആരോപണ പ്രത്യാരോപണത്തിലാണ്.

തങ്ങളുടെ എംഎല്‍എമാരില്‍ പലരെയും കാണാനില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ബിജെപി തങ്ങളുടെ 104 എംഎല്‍എമാരെയും ഡല്‍ഹിക്ക് സമീപമുള്ള ഗുഡ്ഗാവിലേക്ക് മാറ്റിയിട്ടുണ്ട്.

അതിനിടെയാണ് സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കര്‍ എച്ച് നാഗേഷ് എന്നിവര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. മുംബൈയിലാണ് ഇവര്‍ രണ്ടുപേരുമുള്ളത്. ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരും ഇവരോടൊപ്പമുള്ളതായാണ് വിവരം.

കുമാരസ്വാമി സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിനാലാണ് പിന്തുണ പിന്‍വലിക്കുന്നതെന്ന് രണ്ടു പേരും മാധ്യമങ്ങളോടു പറഞ്ഞു. ബിജെപിക്ക് പിന്തുണ നല്‍കുമെന്നും ഇരുവരും അറിയിച്ചു. അതേ സമയം, രണ്ടു പേരും ഇതുവരെ ഗവര്‍ണര്‍ക്ക് പിന്തുണ പിന്‍വലിക്കുന്ന കത്ത് സമര്‍പ്പിച്ചിട്ടില്ല. ഇതിനായി ഗവര്‍ണറുടെ സമയം ചോദിച്ചിട്ടുണ്ടെന്നും ഉടന്‍ ഇവര്‍ ബംഗളൂരുവില്‍ എത്തുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. രണ്ട് സ്വതന്ത്രരോടൊപ്പം ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂടി പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ബിജെപി അവകാശപ്പെട്ടു.

എന്നാല്‍, ഇക്കാര്യം കുമാരസ്വാമി തള്ളി. രണ്ട് എംഎല്‍എമാര്‍ പോയാലും ആവശ്യമായ പിന്തുണ എനിക്കുണ്ട്. എനിക്ക് എന്റെ ശക്തിയറിയാം. കഴിഞ്ഞ ആഴ്ച്ചകളില്‍ മാധ്യമങ്ങളില്‍ വരുന്നതെല്ലാം ഞാന്‍ ആസ്വദിക്കുകയാണ്- കുമാരസ്വാമി പറഞ്ഞു. അതേ സമയം, പണവും അധികാരവും ഉപയോഗിച്ച് ബിജെപി എംഎല്‍എമാരെ പ്രലോഭിപ്പിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര ആരോപിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ പരാജയമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമമാണ് കര്‍ണാടകയില്‍ ബിജെപി നടത്തുന്നതെന്നും എന്നാല്‍ അവര്‍ അതില്‍ പരാജയപ്പെടുമെന്നും മുന്‍ മുഖ്യമന്ത്രി സിദ്ദാരാമയ്യ പറഞ്ഞു.

Tags: