ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: ആര്യന്‍ ഖാനെതിരേ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി

ആര്യന്‍ ഖാന് പുറമെ അര്‍ബാസ് മെര്‍ച്ചെന്റ്, മുണ്‍ മുണ്‍ ധമേച്ഛ എന്നിവര്‍ക്കെതിരേയും ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.

Update: 2021-11-20 12:11 GMT

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഗൂഢാലോചന നടത്തിയതിന് തെളിവുകളില്ലെന്ന് ബോംബെ ഹൈക്കോടതി. ഇന്ന് പുറത്തിറക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ തമ്മിലുള്ള വാട്‌സ്ആപ്പ് സംഭാഷണങ്ങളില്‍ ആക്ഷേപകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു.

ഇവര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗൂഢാലോചനയ്ക്ക് തെളിവ് ഹാജരാക്കാന്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)ക്ക് കഴിഞ്ഞില്ല. ഇവര്‍ തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളില്‍ കുറ്റകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി പറഞ്ഞു.

ഇവര്‍ വാണിജ്യ അളവില്‍ ലഹരി മരുന്ന് വാങ്ങിക്കാന്‍ പദ്ധതിയിട്ടെന്ന് അനുമാനിക്കാനാകില്ല. ലഹരി മരുന്ന് ഉപയോഗിച്ചോ എന്നറിയാന്‍ വൈദ്യ പരിശോധന നടത്തിയിട്ടില്ലെന്നും ജാമ്യത്തിനുള്ള കാരണങ്ങളായി ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ മാസം രണ്ടിന് മുംബൈ തീരത്തെ ആഡംബര കപ്പലില്‍ (എന്‍സിബി) നടത്തിയ റെയ്ഡിലാണ് ആര്യനുള്‍പ്പെടെ ഉള്ളവര്‍ അറസ്റ്റിലായത്. മൂന്നാഴ്ചയോളം നീണ്ട ജയില്‍ വാസത്തിനു ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.


Tags: