ജിഎസ്ടിയില്‍ കുറവുകളുണ്ടാവാം, പക്ഷേ നിന്ദിക്കരുത്; വിമര്‍ശനമുന്നയിച്ച സംരംഭകനോട് പൊട്ടിത്തെറിച്ച് മന്ത്രി
ജിഎസ്ടിയെക്കുറിച്ചുള്ള പോരായ്മകളും ആശങ്കകളും ചൂണ്ടിക്കാണിച്ച സംരഭകനോടാണ് നിര്‍മല കയര്‍ത്ത് സംസാരിച്ചത്.
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടിയെ)ക്കെതിരേ വിമര്‍ശനമുന്നയിച്ച യുവ സംരംഭകനെതിരേ പൊട്ടിത്തെറിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികളും സംരംഭകരും പങ്കെടുത്ത യോഗത്തിലാണ് സംഭവം. ജിഎസ്ടിയെക്കുറിച്ചുള്ള പോരായ്മകളും ആശങ്കകളും ചൂണ്ടിക്കാണിച്ച സംരഭകനോടാണ് നിര്‍മല കയര്‍ത്ത് സംസാരിച്ചത്.
എല്ലാവരും സന്തോഷിക്കുന്ന രീതിയില്‍ ജിഎസ്ടി മാറ്റാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി സംസാരിച്ച് തുടങ്ങിയ യുവ സംരഭകരന്‍ തന്റെ സംസാരം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മന്ത്രി ഇടയില്‍ കയറി സംസാരിക്കുകയായിരുന്നു. ജിഎസ്ടിക്ക് കുറവുകളുണ്ടാവാം. എന്നാല്‍ ഇത് രാജ്യത്തിന്റെ നിയമമാണ്. ജനപ്രതിനിധികളുടെ പിന്തുണയോടെയാണ് ജിഎസ്ടി ബില്‍ പാസാക്കിയത്. അതിനാല്‍ ആരും ജിഎസ്ടിയെ നിന്ദിക്കണ്ട കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ക്ഷമിക്കണം നിങ്ങള്‍ പറയുന്നതിനോട് വിയോജിക്കുന്നുവെന്ന് വ്യക്തമാക്കിയ മന്ത്രി നീണ്ട കാലത്തെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഒരു കാര്യവുമായി വന്നതെന്നും സംസ്ഥാനങ്ങളിലും പാര്‍ലമെന്റിലും ഇത് പാസായതാണെന്നും വ്യക്തമാക്കി. ജിഎസ്ടി നിങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ ആയിരിക്കില്ല വന്നത്. അതിന്റെ വേദന നിങ്ങള്‍ക്കുണ്ടാവും. എല്ലാവരേയും ആദ്യ ദിവസം മുതല്‍ തന്നെ സന്തുഷ്ടരാക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിക്കാത്തതില്‍ വിഷമമുണ്ട്. എന്നാല്‍ നമ്മള്‍ ഒന്നിച്ചാണ് ജിഎസ്ടി രൂപീകരിച്ചത്. അതുകൊണ്ട് അത് സ്വന്തമാക്കാന്‍ ശ്രമിക്കണമെന്നായിരുന്നു മന്ത്രിയുടെ തിട്ടൂരം.
മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവ വൈ ബി രംഗത്തെത്തി.രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ജിഎസ്ടി ശരിയാക്കാന്‍ നിങ്ങള്‍ക്കായില്ല. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന സംരഭകരോട് രൂക്ഷമായ മറുപടിയാണ് നിങ്ങള്‍ നല്‍കുന്നത്. ഇടവേളയെടുത്ത് ദേഷ്യം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും ക്ലാസില്‍ ചേരണമെന്നും ശ്രീവാസ്തവ മന്ത്രിയെ ഉപദേശിച്ചു.

