സാധാരണ കടകളില്‍ ജിഎസ്ടിയുടെ പേരില്‍ വില കൂട്ടിയാല്‍ പരാതിപ്പെടാം: ധനമന്ത്രി

ചെറുകിട സംരംഭകരെ ജിഎസ്ടിയുടെ അധിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് പറഞ്ഞതെന്നും നിയമപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും മന്ത്രി

Update: 2022-07-27 12:59 GMT

തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പ് പുനഃസംഘനയ്ക്ക് മന്ത്രിസഭയുടെ അനുമതി കിട്ടിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 2018ല്‍ രൂപീകരിച്ച ഉന്നത തല സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും. നികുതി ദായക സേവനം, ഓഡിറ്റ്, ഇന്റലിജന്‍സ് & എന്‍ഫോഴ്‌സ്‌മെന്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ ഉണ്ടാകും. സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തില്‍ നികുതി ഏര്‍പ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സപ്ലൈകോ, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ചില്ലറയായി വില്‍കുന്ന സാധനങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഇല്ല. സ്‌റ്റോറുകളില്‍ ഇന്ന് നേരിട്ടെത്തി പരിശോധിച്ചെന്നും ജീവനക്കാര്‍ ബില്ലുകള്‍ കാണിച്ചുവെന്നും മന്ത്രി പറഞ്ഞു. ചെറുകിട സംരംഭകരെ ജി എസ് ടിയുടെ അധിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കും എന്നാണ് പറഞ്ഞതെന്നും നിയമപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി വിധി കൂടി പരിശോധിച്ചു കാര്യങ്ങള്‍ ചെയ്യാനാകും. വിഷയം ജിഎസ്ടി കൗണ്‍സിലുമായി ഇനിയും ചര്‍ച്ച നടത്തും. ജിഎസ്ടി നടപ്പാക്കില്ല എന്ന് പറയുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഇല്ല. കേന്ദ്രത്തിന്റെ വിജ്ഞാപനം അതേ പോലെ തന്നെയാണ് കേരളത്തിലും ഇറക്കിയത്. സാധാരണ കടകളില്‍ ജിഎസ്ടിയുടെ പേരില്‍ വില കൂട്ടിയാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാം. 40 ലക്ഷത്തിന് താഴെ വിറ്റുവരവുള്ള കടകള്‍ ജിഎസ്ടി ചുമത്തിയാല്‍ ജനത്തിന് പരാതിപ്പെടാമെന്ന് മന്ത്രി പറഞ്ഞു.

അളവ് തൂക്ക വിഭാഗം ഉദ്യോഗസ്ഥര്‍ കച്ചവടക്കാരെ ബുദ്ധിമുട്ടിക്കരുത്. കേന്ദ്ര സര്‍ക്കാരിന് കാര്യങ്ങള്‍ മനസിലാകും എന്നാണ് കരുതുന്നത്. മില്‍മ ബ്രാന്‍ഡ് ആണ്. അതുകൊണ്ടാണ് ജിഎസ്ടി ഉള്‍പ്പെടുത്തിയത്. അക്കാര്യത്തില്‍ പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags: