ഹരിയാനയിലെ ഹിന്ദുത്വ ആക്രമണം: പ്രതികളെ രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ

ആക്രമണത്തിന് ഇരയായവരുടെ പരിക്കുകളും വീടിനേറ്റ നാശനഷ്ടവും ഹിന്ദുത്വ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. 'പാക്കിസ്ഥാനിലേക്ക് പോകൂ' എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം.

Update: 2019-03-24 11:19 GMT

ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെ ഹരിയാനയില്‍ മുസ് ലിം കുടുംബത്തിന് നേരെ നടന്ന ഹിന്ദുത്വ ആക്രമണത്തില്‍ എസ്ഡിപിഐ കേന്ദ്ര കമ്മിറ്റി ശക്തമായി അപലപിച്ചു. മുപ്പതോളം വരുന്ന ഹിന്ദുത്വരുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികളേയും രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നും എസ്ഡിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു.

ബോണ്ട്‌സി വില്ലേജില്‍ ഹോളി ആഘോഷ ദിവസം വ്യാഴാഴ്ച വൈകീട്ടാണ് ഹിന്ദുത്വസംഘം ക്രിക്കറ്റ് കളിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും മറ്റുമായി സ്ത്രീകളെയും പുരുഷന്‍മാരെയും അതിക്രൂരമായി ആക്രമിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയും മൂന്നുവര്‍ഷമായി ഭാര്യ സമീനയ്ക്കും ആറ് കുട്ടികള്‍ക്കുമൊപ്പം ഗ്രാമത്തില്‍ താമസിക്കുകയും ചെയ്യുന്ന മുഹമ്മദ് സാജിദ്, അനന്തരവന്‍ ദില്‍ഷാദ് അടക്കമുള്ളവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ടെറസിനു മുകളില്‍ കയറിയ സംഘം വടിയും ക്രിക്കറ്റ് സ്റ്റംപും മറ്റും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയും സംഘം ആക്രമിച്ചു.

ആക്രമണത്തിന് ഇരയായവരുടെ പരിക്കുകളും വീടിനേറ്റ നാശനഷ്ടവും ഹിന്ദുത്വ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. 'പാക്കിസ്ഥാനിലേക്ക് പോകൂ' എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. ഹിന്ദുത്വ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടും പ്രതികളെ കണ്ടെത്താതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും എസ്ഡിപിഐ നേതാക്കള്‍ കുറ്റപ്പെടുത്തി.

അതേസമയം, ഹിന്ദുത്വരുടെ ആക്രമണത്തില്‍ പരിക്കേറ്റ കുടുംബത്തെ എസ്ഡിപിഐ ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്, ദേശീയ സെക്രട്ടറി ഡോ.തസ്‌ലിം റഹ്മാനി, ഡോ. എം ഷാമൂന്‍, മുഹമ്മദ് ഇല്ല്യാസ്, സഫ്ദാര്‍ ഭായ്, ഡല്‍ഹി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദ് സാജിദിനെയും കുടുംബത്തെയും ബോണ്ട്‌സി വില്ലേജിലെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ ഹിന്ദുത്വ ദ്രുവീകരണത്തിന്റെ ഭാഗമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കുടുംബത്തിന് നീതി ലഭിക്കുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനംചെയ്ത നേതാക്കള്‍, നിയമപരമായ സഹായം നല്‍കുമെന്നും ഉറപ്പുനല്‍കി. ആക്രമണത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ പ്രതിനിധി സംഘം, ഒരുമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചശേഷമാണ് മടങ്ങിയത്.




Tags:    

Similar News