കവളപ്പാറയില്‍ സൈന്യം എത്തി; കണ്ടെത്താനുള്ളത് 54 പേരെ

കവളപ്പാറയില്‍ 63 പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടുപോയിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആറുപേരുടെ മൃതദേഹം ആണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ഉറ്റവരെ നഷ്ടപ്പെട്ട പലരും സ്വന്തം നിലക്ക് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ദാരുണമായ കാഴ്ചകളും കവളപ്പാറയില്‍ ഉണ്ടായിരുന്നു.

Update: 2019-08-11 04:27 GMT

മലപ്പുറം: പേമാരിയില്‍ ഉരുള്‍പൊട്ടിയ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തി. മദ്രാസ് റെജിമെന്റിലെ മുപ്പതംഗ സംഘമാണ് കവളപ്പാറയില്‍ എത്തിയത്. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും പോലുള്ള പ്രകൃതി ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതെന്നതും നാട്ടുകാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ്.

കവളപ്പാറയില്‍ 63 പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടുപോയിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആറുപേരുടെ മൃതദേഹം ആണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ഉറ്റവരെ നഷ്ടപ്പെട്ട പലരും സ്വന്തം നിലക്ക് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ദാരുണമായ കാഴ്ചകളും കവളപ്പാറയില്‍ ഉണ്ടായിരുന്നു.

ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ എല്ലാറ്റിനും തടസമായി നിന്നു. കനത്ത മഴക്ക് പുറമെ പലതവണ പിന്നെയും പ്രദേശത്ത് ഉരുള്‍പ്പൊട്ടിയതും തടസ്സമായി. ഒന്നര കിലോമീറ്ററോളം മണ്ണിടിഞ്ഞ് പരന്ന് പോയ അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ വീടുകള്‍ക്കകത്ത് അകപ്പെട്ടുപോയവരെ കണ്ടെത്താന്‍ സൂക്ഷമതയോടെയുള്ള രക്ഷാ പ്രവര്‍ത്തനം ആണ് ഉണ്ടാകേണ്ടത് എന്നാണ് വിലയിരുത്തല്‍.

Tags:    

Similar News