അരിയില്‍ ഷുക്കൂര്‍ വധം: പി ജയരാജനും ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹരജിക്കെതിരേ മാതാവ് കോടതിയില്‍

Update: 2023-08-21 12:25 GMT

കൊച്ചി: എംഎസ്എഫ് നേതാവായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്ല്യാശ്ശേരി മുന്‍ എംഎല്‍എ എന്നിവര്‍ നല്‍കിയ വിടുതല്‍ ഹരജി തള്ളണമെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആതിഖ സിബിഐ കോടതിയില്‍. പ്രതികള്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിന് സാക്ഷികളുണ്ടെന്നും 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ തെളിവുണ്ടെന്നും ആതിഖ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ വിടുതല്‍ ഹരജി തള്ളണമെന്നാണ് ആവശ്യം. ഷുക്കൂര്‍ വധക്കേസില്‍ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ വിടുതല്‍ ഹരജി നല്‍കിയത്. 2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ഖജാഞ്ചിയായിരുന്ന അരിയില്‍ കുതിരപ്പറമ്പത്ത് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവ് വയലില്‍ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ബന്ദിയാക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മുസ് ലിം ലീഗ് ആക്രമണത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകനെ സന്ദര്‍ശിക്കാനെത്തിയ പി ജയരാജനും ടി വി രാജേഷും ഉള്‍പ്പെട്ട വാഹനം അരിയിലില്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് കൊലപാതകം അരങ്ങേറിയത്.

Tags: